ഗാസ– ഗാസ മുനമ്പിലെ റഫയില്‍ ഹമാസ് വിരുദ്ധ സായുധ ഗ്രൂപ്പ് നേതാവും ഇസ്രായില്‍ അനുകൂലിയുമായ യാസിര്‍ അബൂശബാബ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സ്വന്തം അനുനായിയാണ് യാസിര്‍ അബൂശബാബിനെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹമാസ് നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രായിലി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സിലെ പോരാളികളുമായുള്ള ഏറ്റുമുട്ടലിലാണ് യാസിര്‍ അബൂശബാബ് കൊല്ലപ്പെട്ടതെന്ന് മറ്റ് സ്രോതസ്സുകളും റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തര തര്‍ക്കത്തിനിടെ സ്വന്തം അനുയായികളില്‍ ഒരാളാണ് യാസിര്‍ അബൂശബാബിനെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇസ്രായിലി ആര്‍മി റേഡിയോയോട് പറഞ്ഞു. അദ്ദേഹത്തിന്റെ മരണം ഇസ്രായിലിന് ഗുരുതരമായ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു. തെക്കന്‍ ഗാസ മുനമ്പില്‍ സായുധ സംഘത്തിന് നേതൃത്വം നല്‍കിവന്ന അബൂശബാബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ കുറിച്ച് അന്വേഷണം നടത്തുന്നതായി ഇസ്രായിലി സുരക്ഷാ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
ഹമാസിനെ എതിര്‍ക്കുന്ന ഏറ്റവും പ്രമുഖ ഗോത്ര നേതാക്കളില്‍ ഒരാളായി അബൂശബാബ് കണക്കാക്കപ്പെട്ടിരുന്നു. ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രായില്‍ അധിനിവേശത്തിനു കീഴിലുള്ള തെക്കന്‍ ഗാസയുടെ ഭാഗത്താണ് യാസിര്‍ അബൂശബാബിന്റെ സായുധ മിലീഷ്യ സജീവമായി പ്രവര്‍ത്തിച്ചിരുന്നത്. ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്ത് അദ്ദേഹത്തിന്റെ സംഘം നൂറുകണക്കിന് പോരാളികളെ റിക്രൂട്ട് ചെയ്തതായി അബൂശബാബുമായി അടുത്ത സ്രോതസ്സുകള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. യാസിര്‍ അബൂശബാബ് ഇസ്രായിലുമായി സഹകരിക്കുകയും ഗാസയില്‍ എത്തിയ സഹായവസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തതായി ഹമാസ് നിരന്തരം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ഗാസ മുനമ്പില്‍ നിന്ന് ഹമാസ് അംഗങ്ങളെ പുറത്താക്കി പ്രസ്ഥാനത്തിന്റെ അധികാരം ദുര്‍ബലപ്പെടുത്താനാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അബൂശബാബ് വ്യക്തമാക്കിയിരുന്നു.
ഗാസയില്‍ എത്തിയ മാനുഷിക സഹായം ഹമാസ് മോഷ്ടിച്ച് വിപണികളില്‍ വില്‍ക്കുന്നതായും ബാക്കിയുള്ളത് സ്വന്തം അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമിടയില്‍ വിതരണം ചെയ്യുന്നതായും ശ്രദ്ധയില്‍ പെട്ടതോടെയാണ് തന്റെ ഗ്രൂപ്പ് രൂപീകരിച്ചതെന്ന് അബൂശബാബ് നേരത്തെ വ്യക്തമാക്കി. ഈ അനീതിക്ക് വഴങ്ങാതിരിക്കാനും പോപ്പുലര്‍ ഫോഴ്സ് എന്ന പേരില്‍ ബദല്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ഗ്രൂപ്പിന്റെ ലക്ഷ്യങ്ങള്‍ സായുധ പ്രതിരോധത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സുരക്ഷയും സിവിലിയന്‍ സ്ഥാപനങ്ങളും സ്ഥാപിക്കുന്നതും ഉള്‍പ്പെടുന്നതായും അബൂശബാബ് സൂചിപ്പിച്ചിരുന്നു.
ഹമാസിനെ എതിര്‍ക്കാനും ആവശ്യമുള്ളപ്പോള്‍ ഹമാസ് അംഗങ്ങളെ നേരിടാനും കൂടുതല്‍ ഗാസക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ അബൂശബാബ് വിജയിക്കുന്നത് ഇസ്രായില്‍ പ്രതീക്ഷിച്ചിരുന്നതായും ആയുധങ്ങളും ഫണ്ടുകളും നല്‍കി അബൂശബാബിനെ ഇസ്രായില്‍ പിന്തുണച്ചിരുന്നതായും ഇസ്രായിലി റിപ്പോര്‍ട്ടുകള്‍ പറയുന്നു.



