ഗാസ– വെടിയൊച്ചകൾക്കിടയിൽ വേർപിരിയേണ്ടി വന്ന അമ്മമാരും മക്കളും രണ്ടര വർഷത്തിന് ശേഷം ഗാസയുടെ മണ്ണിൽ വീണ്ടും ഒന്നിച്ചു. 2023 നവംബറിൽ അൽ ശിഫ ആശുപത്രിയിൽ നിന്ന് ജീവൻ രക്ഷിക്കാനായി ഈജിപ്തിലേക്ക് മാറ്റിയ 11 കുഞ്ഞുങ്ങളാണ് തിങ്കളാഴ്ച മാതാപിതാക്കളുടെ അരികിലേക്ക് മടങ്ങിയെത്തിയത്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൗത്യത്തിലൂടെയായിരുന്നു യുദ്ധം തകർത്ത കുടുംബങ്ങളുടെ ഈ വൈകാരിക പുനസ്സമാഗമം.
ഗാസയിലെ അൽ ശിഫ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെയാണ് അന്ന് വെന്റിലേറ്ററിലായിരുന്ന 29 നവജാത ശിശുക്കളെ ഈജിപ്തിലേക്ക് മാറ്റിയത്. അതിർത്തികൾ അടച്ചതിനാൽ മാതാപിതാക്കൾക്ക് കൂടെപ്പോകാൻ അനുവാദമുണ്ടായിരുന്നില്ല. ഈജിപ്തിൽ ചികിത്സയിലിരിക്കെ ഏഴ് കുഞ്ഞുങ്ങൾ മരണത്തിന് കീഴടങ്ങിയിരുന്നു. ബാക്കിയുള്ളവരിൽ നിന്നുമാണ് 11 പേർ ഇപ്പോൾ തിരികെ എത്തിയത്.
തിരികെയെത്തിയ കുരുന്നുകളിൽ ബിസാൻ എന്ന പെൺകുഞ്ഞും അവളുടെ അമ്മ സന്ദസ് അൽ കുർദും തമ്മിലുള്ള കൂടിക്കാഴ്ച കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയിച്ചു. തന്റെ പിഞ്ചുകുഞ്ഞിനെ ഒന്ന് തൊടാനോ ലാളിക്കാനോ രണ്ടര വർഷമായി സന്ദസിന് സാധിച്ചിരുന്നില്ല. ബിസാൻ ജനിച്ച ദിവസം തന്നെ സഹോദരി ഹബീബ ഉൾപ്പെടെ പത്ത് കുടുംബാംഗങ്ങൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
വെളുത്ത വസ്ത്രമണിഞ്ഞു വന്ന ബിസാന് പക്ഷേ തന്റെ അമ്മയെ തിരിച്ചറിയാനായില്ല. അപരിചിതത്വം ഭയന്ന് മാറിനിന്ന മകളെ മിഠായികളും ബലൂണും നൽകി കയ്യിലെടുക്കാൻ ശ്രമിക്കുകയായിരുന്നു ആ മാതാപിതാക്കൾ. ഇന്നവൾക്ക് പുതിയൊരു ജന്മമാണ്, മകൾക്ക് നഷ്ടപ്പെട്ടതെല്ലാം ഞാൻ തിരിച്ചുനൽകുമെന്ന് സന്ദസ് വിതുമ്പലോടെ പറഞ്ഞു.
കുഞ്ഞുങ്ങൾ തിരിച്ചെത്തിയെങ്കിലും ഗാസയിലെ തകർന്ന ആരോഗ്യരംഗം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അത്യന്താപേക്ഷിതമായ 52 ശതമാനം മരുന്നുകളും 75 ശതമാനം ഉപകരണങ്ങളും ഗാസയിൽ ലഭ്യമല്ലെന്ന് അൽ ശിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സെൽമിയ വ്യക്തമാക്കി.
യുഎസ് മധ്യസ്ഥതയിൽ ഒക്ടോബറിൽ ഉണ്ടായ കരാറിനെത്തുടർന്ന് റഫ അതിർത്തി തുറന്നതോടെയാണ് ഈ ദൗത്യം സാധ്യമായത്. സ്വന്തം വീടുകൾ തകർന്നതിനാൽ മടങ്ങിയെത്തിയ കുഞ്ഞുങ്ങളുമായി ടെന്റുകളിലേക്കാണ് മിക്ക മാതാപിതാക്കളും പോയത്.



