ഗാസ– വെടി നിർത്തൽ കരാറിനു ശേഷം സമാധാനം പുലരുന്ന ഗാസയിൽ ജനങ്ങൾക്ക് താങ്ങാനാവാതെ ആവശ്യവസ്തുക്കളുടെ വില. ഗാസയില്‍ വിൽപ്പനക്കായി എത്തിച്ച ശീതീകരിച്ച ഇറച്ചി, കോഴിയിറച്ചി, ചില പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവക്കെല്ലാം സമ്പന്നരായ ഗാസ ജനങ്ങൾക്ക് പോലും താങ്ങാൻ കഴിയാത്ത അമിത വിലയാണ് ഈടാക്കുന്നത്. ഒരു കിലോ ഇറച്ചിക്ക് 4,576 ഇന്ത്യന്‍ രൂപക്ക് തുല്യമായ 170 ഷെക്കലും (52 ഡോളര്‍), ഒരു കിലോ ഫ്രോസണ്‍ ചിക്കന് 3,520 രൂപക്ക് തുല്യമായ 130 ഷെക്കലും (40 ഡോളര്‍) വിലയുണ്ട്.
12 പേരടങ്ങുന്ന തന്റെ കുടുംബത്തിന് ഒരു ഭക്ഷണം തയ്യാറാക്കാന്‍ കുറഞ്ഞത് നാലു കിലോഗ്രാം കോഴിയിറച്ചിയോ മൂന്നു കിലോഗ്രാം മാംസമോ ആവശ്യമാണെന്നും എന്നാൽ ഇത് വാങ്ങാൻ കുറഞ്ഞത് 150 ഡോളർ എങ്കിലും വേണം, ഞങ്ങൾക്ക് താങ്ങാനാവാത്ത തുകയാണ് ഇതൊന്നും ഗാസ നിവാസിയായ ആയിശ അൽറംലാവി പറയുന്നു. ദൈനദിനം ആവശ്യങ്ങൾക്കായി വേണ്ട സാധനങ്ങൾ വാങ്ങാൻ സ്വന്തമായി ബാങ്ക് ആവശ്യമാണെന്നും ഇവർ പരിഹാസത്തോടെ കൂട്ടിച്ചേർത്തു. ഇവരുടെ ഭർത്താവ് ഫലസ്തീൻ അതോറിറ്റി ജീവനക്കാരാണ്. മാസങ്ങളായി വരുമാനത്തിന്റെ 50 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ബാങ്കുകളുടെ അടച്ചുപൂട്ടൽ കാരണം മണി എക്സ്ചേഞ്ച് ഡീലർമാരിൽ നിന്നും പണം വാങ്ങുമ്പോൾ 30% വരെ പലിശ നൽകാൻ സാധാരണ ജനങ്ങൾ നിർബന്ധിതരാകുന്നുണ്ട്.
ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ ഒരു തുള്ളി വെള്ളം മാത്രമാണ് എത്തുന്നതെന്ന് ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് പറഞ്ഞു. സാധനങ്ങൾ എത്തിക്കാൻ എല്ലാ അതിർത്തികളും തുറക്കണമെന്നും ദിവസേന 600 ട്രക്ക് സാധനങ്ങൾ ആവശ്യമാണെന്നും മീഡിയ ഓഫീസ് വ്യക്തമാക്കി.
പാചകവാതകം ഗാസയിൽ എത്തി തുടങ്ങിയിട്ടുണ്ടെങ്കിലും പ്രത്യേക നിയമങ്ങൾ അനുസരിച്ച് എട്ടു കിലോഗ്രാം നിരക്കിന് 60 ഷെക്കൽ നൽകണം. യുദ്ധത്തിനു മുമ്പ് ഏതുസമയത്തും 12 കിലോഗ്രാം പാചകവാതകം നിറക്കാൻ 65 ഷെക്കൽ മാത്രമായിരുന്നു വില. നിലവിൽ ഒരു കിലോഗ്രാം വിറകിന് ഏഴു ഷെക്കലാണ് നൽകേണ്ടത്. ഒരു നേരത്തെ ഭക്ഷണത്തിനായി ഏകദേശം മൂന്ന് കിലോഗ്രാം വിറക് ആവശ്യവുമാണ്. അതിനാൽ എല്ലാം ഇത്തരം വസ്തുക്കളുടെ വില സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഗതാഗത മേഖലയിലും നിരവധി തിരിച്ചടികളാണ് നേരിടുന്നത്. ഒരു ലിറ്റർ ഡീസലിന് യുദ്ധ സമയത്ത് ഉണ്ടായിരുന്ന 100 ഷെക്കൽ ( 30 ഡോളർ) എന്ന വിലയിൽ നിന്നും 35 ഷെക്കലിലേക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും യുദ്ധത്തിന് മുമ്പ് വെറും ആറ് ഷെക്കലായിരുന്നു വില.
കാർഷിക ഭൂമി ഇസ്രായിൽ പിടിച്ചെടുത്തതും ആക്രമിച്ചതുമാണ് വിലവർധനവിന് കാരണമന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവൃത്തി ഏജന്‍സി പറയുന്നു. വെടി നിർത്തലിന് ശേഷം പ്രതിദിനം 560 ടൺ ഭക്ഷ്യവസ്തുക്കൾ എത്തുന്നുണ്ടെങ്കിലും ഇത് വളരെ കുറവാണെന്നാണ് യുഎൻ വേൾഡ് ഫുഡ് പോഗ്രാം അറിയിച്ചത്. എങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുമെന്നും ഇവർ വ്യക്തമാക്കി. അതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഭക്ഷ്യവസ്തുക്കൾ ഗാസയിലേക്ക് എത്തിക്കാൻ എല്ലാ അതിർത്തികളും തുറക്കണമെന്ന് യു എൻ വേൾഡ് ഫുഡ് പോഗ്രാം വക്താവ് അബീർ അതീഫ ആവശ്യപ്പെട്ടു. നിലവിൽ ഇവർക്ക് അഞ്ചു ഭക്ഷ്യ കേന്ദ്രങ്ങളാണ് ഉള്ളത്. ഇത് 145 ആയി ഉയർത്താൻ ശ്രമിക്കുന്നുണ്ടെന്നും അബീർ ചൂണ്ടിക്കാണിച്ചു.