തെൽ അവീവ്: ഗാസ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സൈനിക പദ്ധതിക്ക് ഇസ്രായേൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്‌സ് അംഗീകാരം നൽകി. ഈ ഓപ്പറേഷനിൽ പങ്കെടുക്കാൻ 60,000 റിസർവ് സൈനികരെ വിളിച്ചുവരുത്താൻ ഉത്തരവിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗാസ നഗരത്തിലെ പോരാട്ടം 2026 വരെ നീണ്ടുനിൽക്കുമെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഏകദേശം 1,30,000 റിസർവ് സൈനികരെ വിളിച്ചുവരുത്താനും സജീവ സൈനികരുടെ റിസർവ് ഡ്യൂട്ടി ഒരു മാസത്തേക്ക് നീട്ടാനും തീരുമാനിച്ചതായി പത്രം വ്യക്തമാക്കി.
“ഗാസയുടെ മുഖം ഓപ്പറേഷന് ശേഷം പൂർണമായി മാറും; പഴയ ഗാസ ഇനി കാണില്ല,” കാറ്റ്‌സ് പ്രഖ്യാപിച്ചു. ഗാസ നഗരത്തിൽ നിന്ന് ഏകദേശം 10 ലക്ഷം സിവിലിയന്മാരെ തെക്കൻ ഗാസയിലേക്ക് ഒഴിപ്പിക്കാനുള്ള തയാറെടുപ്പുകൾക്കും മന്ത്രി അംഗീകാരം നൽകിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഹമാസിനെ ബന്ദി മോചന കരാറിലേക്ക് നിർബന്ധിക്കാൻ ശ്രമിക്കുന്നതിനിടെ, ഇസ്രായേൽ സൈന്യം നിലവിൽ ഗാസ മുനമ്പിന്റെ 75 ശതമാനവും നിയന്ത്രിക്കുന്നു.
വലിയ തോതിലുള്ള കരയാക്രമണത്തിനുള്ള പദ്ധതിക്ക് അന്തിമ രൂപം നൽകുന്നതിനൊപ്പം, പതിനായിരക്കണക്കിന് റിസർവ് സൈനികർക്ക് നോട്ടീസുകൾ അയക്കാൻ ഇസ്രായേൽ തയാറെടുക്കുകയാണ്. ഹമാസ് നിർദേശിച്ച ബന്ദി കൈമാറ്റ കരാർ സ്വീകരിക്കണോ വേണ്ടയോ എന്ന് പരിഗണിക്കുന്നതിനിടെയാണ് ഈ നീക്കം.
പദ്ധതി ഇസ്രായേൽ പ്രതിരോധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ ഈ ആഴ്ച ആദ്യം അംഗീകരിച്ചിരുന്നു. വ്യാഴാഴ്ച സര്‍ക്കാരിന് മുന്നില്‍ പദ്ധതി അവതരിപ്പിക്കുമെന്ന് സൈന്യം അറിയിച്ചു. ഗാസ ഡിവിഷന് പുറമെ അഞ്ച് ഡിവിഷനുകൾ കൂടി ഓപ്പറേഷനിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 സെപ്റ്റംബറിൽ ആരംഭിക്കുന്ന ഗാസ സിറ്റി ഓപ്പറേഷനായി റിസർവ് സൈനികരെ അണിനിരത്താൻ ചീഫ് ഓഫ് സ്റ്റാഫ് ആവശ്യപ്പെട്ടതായി യെദിയോത്ത് അഹ്റോനോത്തിന്റെ വൈനെറ്റ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.