ജിദ്ദ – ഗാസയില്‍ 347 ദിവസമായി ഇസ്രായില്‍ തുടരുന്ന നരമേധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 41,252 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 95,497 പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ 26 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 84 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫലസ്തീന്‍ കുടുംബങ്ങള്‍ക്കെതിരെ 24 മണിക്കൂറിനിടെ മൂന്നു കൂട്ടക്കുരുതികള്‍ ഇസ്രായില്‍ നടത്തി. ഗാസയില്‍ തകര്‍ക്കപ്പെട്ട വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സൗകര്യങ്ങളും സംവിധാനങ്ങളുമില്ലാത്തതിനാലും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം ലഭ്യമല്ലാത്തതിനാലും ഇവ പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്നും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, ഒക്‌ടോബര്‍ ഏഴു മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലത്ത് ഫലസ്തീനില്‍ 41,931 പേര്‍ വീരമൃത്യുവരിക്കുകയും 1,01,113 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനു കീഴിലെ മീഡിയ ഒബ്‌സര്‍വേറ്ററി രേഖപ്പെടുത്തി. ഗാസയില്‍ മാത്രം 41,226 പേര്‍ കൊല്ലപ്പെടുകയും 95,413 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശേഷിക്കുന്നവര്‍ വെസ്റ്റ് ബാങ്കിലാണ് ഇസ്രായിലി ആക്രമണങ്ങള്‍ക്കിരയായത്. ഇക്കാലയളവില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ 1,84,293 കുറ്റകൃത്യങ്ങള്‍ നടത്തി.
ഒക്‌ടോബര്‍ ഏഴു മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലത്ത് വെസ്റ്റ് ബാങ്കിലും ജറൂസലമിലും ഫലസ്തീനികളുടെ 255 വ്യാപാര സ്ഥാപനങ്ങളും 572 വീടുകളും ഇസ്രായില്‍ തകര്‍ത്തു. വെസ്റ്റ് ബാങ്കിലും ജറൂസലമിലും ഫലസ്തീനികളുടെ വസ്തുവകകളും പണവും തട്ടിയെടുത്ത 1,231 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ പത്തു മുതല്‍ പതിനാറു വരെയുള്ള ദിവസങ്ങളില്‍ ഗാസയില്‍ ഇസ്രായില്‍ 21 കൂട്ടക്കുരുതികള്‍ നടത്തി. ഇവയില്‍ 238 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 621 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച അല്‍മവാസിയില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ കഴിയുന്ന ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു.എന്‍ ഏജന്‍സിക്കു കീഴിലെ അല്‍ജാഊനി സ്‌കൂളിനു നേരെയുണ്ടായ ആഠക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ യു.എന്‍ ഏജന്‍സി ഉദ്യോഗസ്ഥരാണ്.
വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞയാഴ്ച 12 ഫലസ്തീനികള്‍ വീരമൃത്യുവരിച്ചു. 195 പേരെ ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുടെ 13 വീടുകള്‍ ഇസ്രായില്‍ സൈന്യം തകര്‍ത്തു. തൂല്‍കറമില്‍ ആറു വീടുകള്‍ അഗ്നിക്കിരയാക്കി. റാമല്ലയിലെ നഅ്‌ലൈന്‍ ഗ്രാമത്തില്‍ ഫലസ്തീന്‍ കുടുംബത്തിന്റെ വീട് കൈയേറി സൈനിക ബാരക്ക് ആക്കി മാറ്റി. കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കു നേരെ 39 തവണ ആക്രമണങ്ങള്‍ നടത്തി. ഒരാഴ്ചക്കിടെ ജൂതകുടിയേറ്റക്കാര്‍ കഫറുദ്ദീക്, ബെയ്ത് ഇംരീന്‍ ഗ്രാമങ്ങളില്‍ 101 ഒലീവ് മരങ്ങള്‍ വെട്ടിമുറിക്കുകയും അഗ്നിക്കിരയാക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
ജെറീക്കോയിലെ അല്‍മഅ്‌റജാത്ത് ഏരിയയില്‍ ജൂതകുടിയേറ്റക്കാര്‍ വിഷം കൊടുത്ത് ഫലസ്തീനികളുടെ 81 ആടുകളെ കൊന്നു. തൂബാസിലെ അയ്ന്‍ അല്‍ഹില്‍വ ഏരിയയില്‍ പശുക്കള്‍ക്ക് വിഷം നല്‍കി. ഹെബ്രോണിലെ യതാ, ഖര്‍ബ സനൂത്ത ഗ്രാമങ്ങളിലും റാമല്ലയിലെ ശഖ്ബാ ഗ്രാമത്തിലും ഒട്ടകങ്ങളെയും ആടുകളെയും ജൂതകുടിയേറ്റക്കാര്‍ മോഷ്ടിച്ചു. ഹെബ്രോണില്‍ രണ്ടു ജൂതകുടിയേറ്റ കോളനികള്‍ക്കു ചുറ്റും സുരക്ഷാ ബെല്‍റ്റ് സ്ഥാപിക്കുന്നതിന് 17,897 ഏക്കറിലേറെ സ്ഥലം ഇസ്രായില്‍ സൈന്യം കണ്ടുകെട്ടിയതായും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനു കീഴിലെ മീഡിയ ഒബ്‌സര്‍വേറ്ററി രേഖപ്പെടുത്തി.