ഗാസ – പതിനഞ്ചു മാസമായി തുടര്‍ന്ന യുദ്ധത്തില്‍ ഇതുവരെ ഗാസയില്‍ 46,913 പേര്‍ കൊല്ലപ്പെടുകയും 1,10,750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ മിന്നലാക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഇസ്രായില്‍ ഗാസ യുദ്ധം ആരംഭിച്ചത്.
ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം നേരത്തെ പ്രസ്താവനയില്‍ പറഞ്ഞു.
ആംബുലന്‍സ് സംഘങ്ങള്‍ക്കും സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മന്ത്രാലയം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരാന്‍ വൈകിയതോടെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 19 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചു.