തെല്‍അവീവ് – യുദ്ധം അവസാനിപ്പിക്കണമെന്ന ഹമാസിന്റെ നിര്‍ബന്ധം കാരണം ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരെ അറിയിച്ചതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമെടുക്കാതെ മന്ത്രിസഭാ യോഗം അവസാനിച്ചതായി ഇസ്രായിലി വാര്‍ത്താ വെബ്സൈറ്റ് വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ യുദ്ധത്തെ തുടര്‍ന്ന് ഗാസില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ രക്ഷപ്പെടുത്താനും വിശാലമായ പ്രാദേശിക കരാറുകള്‍ ഉണ്ടാക്കാനും ഇസ്രായിലിന് ഇപ്പോള്‍ ധാരാളം അവസരങ്ങളുള്ളതായി നേരത്തെ നെതന്യാഹു പറഞ്ഞു.
നമ്മുടെ നിലനില്‍പ്പിന് മുന്നിലുള്ള രണ്ട് ആസന്നമായ ഭീഷണികള്‍ ഞങ്ങള്‍ ഇല്ലാതാക്കിയതായി തെക്കന്‍ ഇസ്രായിലിലെ സുരക്ഷാ സേവന വകുപ്പ് (ഷിന് ബെറ്റ്) ആസ്ഥാനം സന്ദര്‍ശിക്കുന്നതിനിടെ ഇറാനെയും ലെബനോനിലെ ഹിസ്ബുല്ല ഗ്രൂപ്പിനെയും പരാമര്‍ശിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു. ഈ വിജയത്തിന്റെ ഫലമായി ഇപ്പോള്‍ ബന്ദികളെ രക്ഷിക്കാന്‍ അടക്കം നിരവധി അവസരങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. തീര്‍ച്ചയായും, ഗാസ പ്രശ്നം പരിഹരിക്കുകയും ഹമാസിനെതിരായ പോരാട്ടം അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ രണ്ട് ജോലികളും നമുക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു – നെതന്യാഹു പറഞ്ഞു. ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതിനെ ഇസ്രായില്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് യോഗത്തില്‍ എതിര്‍ത്തു.
അതേസമയം, അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനുള്ള പ്രതീക്ഷയോടെ ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അടങ്ങിയ കരാര്‍ സാധ്യമാക്കാന്‍ ഈജിപ്ത് പ്രവര്‍ത്തിക്കുന്നതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ ആത്തി വ്യക്തമാക്കി. ജനുവരി 19 ലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ ലംഘിക്കുകയായിരുന്നെന്നും ന്യായീകരണമില്ലാതെ ആക്രമണം പുനരാരംഭിക്കുകയായിരുന്നെന്നും ഈജിപ്ഷ്യന്‍ വിദേശ മന്ത്രി പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിലെത്തിയ ശേഷം ഇസ്രായില്‍ വീണ്ടും ഗാസക്കെതിരായ ആക്രമണം പുനരാരംഭിച്ചാല്‍ അത് മേഖലയുടെ അസ്ഥിരതക്ക് പ്രധാന കാരണമാകും. വെടിനിര്‍ത്തലിന്റെ സുസ്ഥിരത ഉറപ്പാക്കുന്നത് ഗാസയുമായി ബന്ധപ്പെട്ട ഭാവിയിലെ ഏതൊരു കരാറിലും ഉള്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അമേരിക്കക്ക് ധാരണയുണ്ടെന്നും ബദര്‍ അബ്ദുല്‍ ആത്തി കൂട്ടിച്ചേര്‍ത്തു.