കയ്‌റോ – ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം നടപ്പാക്കാനുള്ള സമയപരിധി അഞ്ച് ദിവസം നീളുമെന്ന് ഈജിപ്ഷ്യന്‍ അധികൃതർ അറിയിച്ചു. ഇസ്രായിലി ബന്ദികളുടെ മോചനം, ഇസ്രായില്‍ സൈന്യത്തിന്റെ പിന്‍വാങ്ങല്‍, ആദ്യ ഘട്ടം നടപ്പിലാക്കാനുള്ള ചുവടുവെപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ നടപ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
വ്യാഴാഴ്ച
- കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം
- ഇസ്രായില്‍ ഗവണ്‍മെന്റിന്റെ അംഗീകാരം
- വിട്ടയക്കുന്ന ബന്ദികളുടെയും തടവുകാരുടെയും പട്ടികയും ആദ്യ ഘട്ടത്തില്‍ ഇസ്രായില്‍ സൈന്യം പിന്‍വാങ്ങുന്ന സ്ഥലങ്ങള്‍ വ്യക്തമാക്കുന്ന മാപ്പും പ്രസിദ്ധീകരിക്കല്‍
-ഇസ്രായില്‍ സേനാ പിന്മാറ്റം വ്യാഴാഴ്ച വൈകുന്നേരം ആരംഭിക്കുന്നു
വെള്ളിയാഴ്ച:
- ഇസ്രായില്‍ കോടതികള്‍ക്ക് മുമ്പാകെ ഔപചാരിക വിയോജിപ്പുകള്‍ അവതരിപ്പിക്കല്‍
ശനിയാഴ്ച:
- ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള സൈനിക പിന്മാറ്റം തുടരല്‍
- ഫലസ്തീന്‍ വിഭാഗങ്ങള്‍ ജീവിച്ചിരിക്കുന്ന ഇസ്രായിലി തടവുകാരെയും കൈമാറാന്‍ കഴിയുന്ന സൈനികരുടെ മൃതദേഹങ്ങളും കൈമാറാന്‍ തയാറെടുപ്പുകള്‍ നടത്തല്‍
ഞായറാഴ്ച:
- കരാര്‍ നടപ്പാക്കലിന്റെ തുടര്‍നടപടികള്‍ക്കായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മേഖലയിലേക്ക് എത്തുന്നു
- ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം
തിങ്കളാഴ്ച:
- ഈജിപ്ത്, ഖത്തര്‍, അമേരിക്ക, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഇസ്രായിലി ബന്ദികളുടെ കൈമാറ്റ പ്രക്രിയയുടെ ഔദ്യോഗിക നടപ്പാക്കല്‍
- ഇസ്രായില്‍ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുകയും എലൈറ്റ് യൂണിറ്റുകളിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് പോരാളികളുടെ മൃതദേഹങ്ങള്‍ കൈമാറുകയും ചെയ്യും
- ഗാസ അതിര്‍ത്തികളിലെ ക്രോസിംഗുകള്‍ പൂര്‍ണമായി തുറക്കുകയും സഹായ വസ്തുക്കള്‍ വഹിച്ച 400 ട്രക്കുകള്‍ പ്രവേശിക്കുകയും ചെയ്യും
- തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഹായ വസ്തുക്കള്‍ വഹിച്ച് പ്രതിദിനം ഗാസയില്‍ പ്രവേശിക്കുന്ന ട്രക്കുകളുടെ എണ്ണം 600 ഉം അതില്‍ കൂടുതലായും ഉയരും
- ഇസ്രായില്‍ സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ത്തിയാക്കുന്നതിനെ കുറിച്ചും സ്ഥിരമായ വെടിനിര്‍ത്തില്‍ ഉറപ്പാക്കുന്നതിനെ കുറിച്ചും വിശകലനം ചെയ്യാന്‍ കരാറിന്റെ രണ്ടാം ഘട്ടത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുന്നു.
- സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ
- രണ്ടു വര്‍ഷമായി വിനാശകരമായ യുദ്ധത്തിന് അറുതി വരുത്തി ഹമാസും ഇസ്രായിലും ഒപ്പുവെച്ച കരാറിനെ ലോക രാജ്യങ്ങള്‍ ഒന്നടങ്കം സ്വാഗതം ചെയ്തു. ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയത് ചരിത്ര നിമിഷമാണെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി പറഞ്ഞു. ഈ കരാര്‍ യുദ്ധത്തിന്റെ അധ്യായം അടക്കുക മാത്രമല്ല, നീതിയുടെയും സ്ഥിരതയുടെയും ഭാവിക്കായി മേഖലയിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ വാതില്‍ തുറക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ഗാസ സമാധാന കരാറിനെയും, ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും സമഗ്രവും നീതിയുക്തവുമായ സമാധാനത്തിന് വഴിയൊരുക്കാനും ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കുന്നതിനെയും സൗദി അറേബ്യ സ്വാഗതം ചെയ്തു. കരാറിലെത്താന്‍ യു.എസ് പ്രസിഡന്റ് ട്രംപ് വഹിച്ച സജീവ പങ്കിനെയും ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പ്രശംസിച്ചു. - ഗാസ മുനമ്പിലെ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനും ഇസ്രായില്‍ സൈന്യത്തിന്റെ പൂര്‍ണമായ പിന്‍വാങ്ങലിനും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനും, ബന്ധപ്പെട്ട യു.എന്‍ പ്രമേയങ്ങള്‍, അറബ് സമാധാന പദ്ധതി, ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള സമാധാനപരമായ പരിഹാരം-ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കല്‍ എന്നിവയെ കുറിച്ചുള്ള ന്യൂയോര്‍ക്ക് പ്രസ്താവന എന്നിവക്ക് അനുസൃതമായി 1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള പ്രായോഗിക നടപടികള്‍ ആരംഭിക്കാനും ഈ ചുവടുവെപ്പ് സഹായകമാകുമെന്ന് സൗദി അറേബ്യ പ്രത്യാശ പ്രകടിപ്പിച്ചു.
ഗാസ വെടിനിര്‍ത്തല്‍ കരാറിനെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സ്വാഗതം ചെയ്തു. ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രായിലിനെ പ്രേരിപ്പിക്കുന്നതിന് ആവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഖത്തറിനും ഈജിപ്തിനും ഉര്‍ദുഗാന്‍ അഗാധമായ നന്ദി രേഖപ്പെടുത്തി. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍, അധിനിവേശ സേനയുടെ പിന്മാറ്റം, മാനുഷിക സഹായം, തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം എന്നിവ സംബന്ധിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തു. കരാര്‍ ഉടനടി നടപ്പിലാക്കുന്നതിന് എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധരാകണമെന്നും മുഴുവന്‍ ബന്ദികളെയും തടവുകാരെയും മോചിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭാ സംഘടനകള്‍ വഴി അടിയന്തര മാനുഷിക സഹായം അനുവദിക്കണമെന്നും ഫലസ്തീനികളുടെ കുടിയിറക്കലും ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നതും തടയണമെന്നും പുനര്‍നിര്‍മാണ പ്രക്രിയ ആരംഭിക്കണമെന്നും മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.
ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനം പുറത്തുവന്നതോടെ ഗാസ മുനമ്പിലെങ്ങും ആഹ്ലാദവും ആഘോഷവും പ്രകടിപ്പിച്ച് ജനക്കൂട്ടം തെരുവുകളിലിറങ്ങി. ഖാന്‍ യൂനിസിലെയും മറ്റ് പ്രദേശങ്ങളിലെയും അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് പുറത്തുവന്ന ജനസഞ്ചയം വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ അഹ്ലാദം പ്രകടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അബാലവൃദ്ധം ജനങ്ങള്‍ ഫലസ്തീന്‍ പതാകകളേന്തി ആര്‍പ്പുവിളിച്ചും പാട്ടുകള്‍ പാടിയും സന്തോഷം പ്രകടിപ്പിച്ചു. രണ്ടു വര്‍ഷമായി അനുഭവിക്കുന്ന നരകയാതനക്ക് അറുതിയായതില്‍ സന്തോഷത്താല്‍ ചിലര്‍ ആനന്ദാശ്രു പൊഴിച്ചു. ജനക്കൂട്ടത്തിന്റെ ആഹ്ലാദപ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group