ഗാസ – ഗാസ വെടിനിർത്തൽ സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തുവന്നു. ഇസ്രായിലി ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കുക, ഗാസയിലെ ചില പ്രദേശങ്ങളില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കുക, യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച ചര്‍ച്ചകള്‍ തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ. ഇസ്രായിലും ഹമാസും തമ്മിലുള്ള 60 ദിവസത്തെ വെടിനിര്‍ത്തലിനുള്ള അമേരിക്കൻ നിര്‍ദേശങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. വെടിനിര്‍ത്തല്‍ പദ്ധതിക്ക് ഹമാസിന്റെയും ഇസ്രായിലിന്റെയും അംഗീകാരം കാത്തിരിക്കുകയാണ്. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥര്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഘട്ടംഘട്ടമായി പത്തു ഇസ്രായിലി ബന്ദികളെ വിട്ടയക്കണമെന്നും മറ്റ് 18 പേരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്ന ആദ്യ ദിവസം എട്ട് ബന്ദികളെയും ഏഴാം ദിവസം അഞ്ചു മൃതദേഹങ്ങളും മുപ്പതാം ദിവസം അഞ്ച് മൃതദേഹങ്ങളും അമ്പതാം ദിവസം രണ്ട് ബന്ദികളെയും അറുപതാം ദിവസം എട്ട് മൃതദേഹങ്ങളും ഹമാസ് കൈമാറണമെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ചടങ്ങുകളൊന്നുമില്ലാതെയാണ് കൈമാറ്റം നടക്കുക
പത്താം ദിവസം, ബന്ദികളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന വിവരങ്ങളും അവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്ന തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഹമാസ് നല്‍കും. പകരം 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഫലസ്തീന്‍ തടവുകാരെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇസ്രായിലും കൈമാറും. ഇസ്രായില്‍ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കുക. ഹമാസും സഖ്യകക്ഷികളും തടവിലാക്കിയിരിക്കുന്ന 50 ഇസ്രായിലി ബന്ദികളില്‍ ഏകദേശം 20 പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നതായി ഇസ്രായില്‍ പറയുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, ഐക്യരാഷ്ട്രസഭയുടെയും ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിയുടെയും പങ്കാളിത്തത്തോടെ മതിയായ സഹായം ഉടന്‍ ഗാസയിലേക്ക് പ്രവേശിപ്പിക്കും. ആദ്യ ദിവസം എട്ട് ബന്ദികളെ മോചിപ്പിച്ച ശേഷം വടക്കന്‍ ഗാസയിലെ ചില പ്രദേശങ്ങളില്‍ നിന്ന് ഇസ്രായില്‍ സൈന്യം പിന്‍വാങ്ങും. ഏഴാം ദിവസം അഞ്ച് മൃതദേഹങ്ങള്‍ ലഭിച്ച ശേഷം ദക്ഷിണ ഗാസയിലെ ചില പ്രദേശങ്ങളില്‍ നിന്നും ഇസ്രായില്‍ സൈന്യം പിന്മാറും. വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന്റെ ചട്ടക്കൂട് അംഗീകരിച്ച ശേഷം നടക്കുന്ന ദ്രുത ചര്‍ച്ചകളിലൂടെ ഇസ്രായില്‍ സൈന്യം പിന്മാറുന്ന പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന മാപ്പുകള്‍ സാങ്കേതിക സംഘം തയാറാക്കും.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ദിവസം തന്നെ ഗാസക്കുള്ള ദീര്‍ഘകാല സുരക്ഷാ ക്രമീകരണങ്ങള്‍, സ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം എന്നിവ അടക്കം സ്ഥിരമായ വെടിനിര്‍ത്തലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. ഇക്കാര്യങ്ങളില്‍ ഒരു കരാറിലെത്തിയാല്‍, 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ നിന്ന് അറസ്റ്റ് ചെയ്ത ശേഷിക്കുന്ന എല്ലാ ഫലസ്തീന്‍ തടവുകാരെയും ഇസ്രായില്‍ വിട്ടയക്കും. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ ചര്‍ച്ചകള്‍ വിജയിച്ചാല്‍, അവ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കും. വെടിനിര്‍ത്തല്‍ കാലയളവില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുമെന്ന് മധ്യസ്ഥര്‍ ഉറപ്പ് നല്‍കുന്നു. കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍, അവര്‍ക്ക് വെടിനിര്‍ത്തല്‍ കാലയളവ് നീട്ടാന്‍ കഴിയും.