കെയ്റോ: ഇസ്രായിലിന്റെ ഗാസ അധിനിവേശത്തിന്റെ രണ്ടാം വാർഷികത്തിനു പിന്നാലെ യുദ്ധം നിർത്താനുള്ള ഉടമ്പടി നിലവിൽ വരുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള വിവിധ വ്യവസ്ഥകൾ അടങ്ങിയ കരാർ നിലവിൽ വന്നു. വ്യവസ്ഥകൾക്കു വിധേയമായി ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസും തടവുകാരെ കൈമാറാമെന്ന് ഇസ്രായേലും സമ്മതിച്ചു. ഉടമ്പടിയുടെ ഭാഗമായി ഇസ്രായേൽ സൈന്യം ഗാസ മുനമ്പിൽ നിന്ന് പിൻമാറാൻ ഒരുങ്ങുകയാണ്.
2023 ഒക്ടോബർ ഏഴിന് ഹമാസ് പിടികൂടിയ ബന്ദികളിൽ അവശേഷിക്കുന്ന 48 പേരിൽ ജീവനോടെയുള്ള 20 പേരെയും 28 മരിച്ചവരുടെ മൃതദേഹങ്ങളും 72 മണിക്കൂറിനുള്ളിൽ കൈമാറും. ഇതിന് പകരമായി, ഇസ്രായേലിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവിലുള്ള 250 പേരെയും ഗാസയിൽ നിന്ന് പിടിച്ചുകൊണ്ടുപോയ 1,700 പേരെയും ഇസ്രായേൽ വിട്ടയക്കും.
കരാർ നിവലിൽ വന്ന് 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ പ്രതിരോധ സൈന്യം ഗാസയിൽ നിന്ന് തങ്ങളുടെ സൈനികരെ ഒരു നിശ്ചിത മേഖലയിലേക്ക് പിൻവലിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമായി വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരും. ഗാസയുടെ ഭാവി ഭരണം, ഹമാസിനെ നിരായുധീകരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പിന്നീട് ചർച്ചയുണ്ടാകും.
ഉടമ്പടി സംബന്ധിച്ച് ഇസ്രായേൽ കാബിനറ്റ് ഇന്ന് ചർച്ച ചെയ്യും. കാബിനറ്റ് അംഗീകരിച്ചാൽ ഒക്ടോബർ 13-നകം ബന്ദികളെ മോചിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ഖത്തർ, ഈജിപ്ത്, തുർക്കി രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഈജിപ്തിലെ ഷറം അൽ-ഷെയ്ഖിലെ ചർച്ചകളിലൂടെയാണ് ഈ ഉടമ്പടി രൂപപ്പെട്ടത്. തെൽ അവീവിലെ ഹോസ്റ്റേജസ് സ്‌ക്വയറിൽ ബന്ദികളുടെ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ ആഹ്ലാദത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്.