ഗാസ – പോഷകാഹാരക്കുറവും ഭക്ഷ്യക്ഷാമവും മൂലം ഫലസ്തീന്‍ ബാലിക ഗാസയില്‍ മരിച്ചു. ഗാസയില്‍ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ പട്ടിണിയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയാണ്. പോഷകാഹാരക്കുറവും വിശപ്പും മൂലമുണ്ടായ സങ്കീര്‍ണതകള്‍ കാരണമാണ് നാലു വയസുകാരി റസാന്‍ അബൂസാഹിര്‍ മരണപ്പെട്ടതെന്ന് ദെയ്ര്‍ അല്‍ബലഹിലെ അല്‍അഖ്സ മാര്‍ട്ടിയേഴ്സ് ആശുപത്രിയിലെ മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി പറഞ്ഞു.
ഗാസ മുനമ്പിലെ ആശുപത്രികളില്‍ വിവിധ പ്രായത്തിലുള്ള നൂറുകണക്കിന് ആളുകള്‍ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സകള്‍ തേടുന്നതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 17,000 കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും രോഗികള്‍ കടുത്ത വിശപ്പ് മൂലമുണ്ടായ സമ്മര്‍ദത്തിനും ഓര്‍മക്കുറവിനും ചികിത്സയിലാണെന്നും ഏജന്‍സി സൂചിപ്പിച്ചു. കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന വലിയൊരു വിഭാഗം ആളുകളെ കിടത്തി ചികിത്സിക്കാന്‍ മതിയായ കിടക്കകളും മരുന്നുകളും ആശുപത്രികളില്‍ ഇല്ല.
ഗാസക്കെതിരായ ഇസ്രായില്‍ ഉപരോധത്തിന്റെ ഫലമായി മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് ഇരട്ടിയായതായി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി പറഞ്ഞു. ഈ കാലയളവില്‍ യു.എന്‍ റിലീഫ് ഏജന്‍സി ഹെല്‍ത്ത് സെന്ററുകളും മെഡിക്കല്‍ പോയിന്റുകളും പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികള്‍ക്ക് 74,000 പരിശോധനകള്‍ നടത്തി. ഇതില്‍ 5,500 ഓളം കടുത്ത പോഷകാഹാരക്കുറവ് കേസുകളും 800 ലേറെ ഗുരുതരമായ പോഷകാഹാരക്കുറവ് കേസുകളും കണ്ടെത്തി.
ഗാസയില്‍ ഇസ്രായിലി അധികൃതര്‍ പത്ത് ലക്ഷം കുട്ടികളെ പട്ടിണിക്കിടുന്നതായി യു.എന്‍ റിലീഫ് ഏജന്‍സി ഇന്ന് പറഞ്ഞു. ഇസ്രായില്‍ അധികൃതര്‍ പത്തു ലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ ഗാസയിലെ സാധാരണക്കാരെ പട്ടിണിക്കിടുന്നതായി യു.എന്‍ റിലീഫ് ഏജന്‍സി ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ പറഞ്ഞു. ഉപരോധം പിന്‍വലിക്കണമെന്നും ഭക്ഷണവും മരുന്നും ഗാസയില്‍ എത്തിക്കാന്‍ യു.എന്‍ റിലീഫ് ഏജന്‍സിയെ അനുവദിക്കണമെന്നും ഏജന്‍സി ആവശ്യപ്പെട്ടു.