കയ്റോ: ഈജിപ്ത് തലസ്ഥാനമായ കയ്റോയ്ക്ക് സമീപം ഫിഫ്ത്ത് സെറ്റില്‍മെന്റ് പ്രദേശത്ത് ദമ്പതികളെയും കൗമാരപ്രായക്കാരായ രണ്ടു പെണ്മക്കളെയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തായ പ്രതി നാലംഗ കുടുംബത്തെ ഒന്നടങ്കം വെടിവെച്ചു കൊല്ലുകയായിരുന്നു. നര്‍ഗസ് പ്രദേശത്തെ തെരുവിൽ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കാർ പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വിവരം സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ മാതാവ് അമല്‍ സഅദ് റിയാദ് (43), പെണ്മക്കളായ ഹെലന് (16), ലിലിയന് (14) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൂവരുടെയും ശരീരത്തിൽ വെടിയേറ്റ പാടുകളുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പിതാവ് ഉസാമ നസീഫിന്റെ മൃതദേഹവും വെടിയേറ്റ നിലയിൽ കണ്ടെത്തി.
കൊലപാതകം ആസൂത്രണം ചെയ്തത് ഇങ്ങനെ:
പ്രാഥമിക അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതി ആദ്യം അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് പിതാവ് ഉസാമ നസീഫിനെ വെടിവെച്ചു കൊലപ്പെടുത്തി. തുടര്‍ന്ന്, കുടുംബനാഥന് അപകടത്തില്‍പ്പെട്ടുവെന്നും ഉടൻ തന്നെ അപകടസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകാമെന്നും വിശ്വസിപ്പിച്ച് അമ്മയെയും പെണ്മക്കളെയും പ്രതി ഫോണിൽ ബന്ധപ്പെടുകയും തന്റെ ലൊക്കേഷൻ അയച്ചുകൊടുത്ത് അവരെ ഒരിടത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
തുടര്‍ന്ന് യുവതിയും പെണ്മക്കളും സഞ്ചരിച്ച കാറില്‍ കയറിയ പ്രതി, ഐന്‍ സുഖ്ന റോഡിലാണ് പിതാവ് അപകടത്തില്‍പ്പെട്ടതെന്ന് പറഞ്ഞ് കാര്‍ അങ്ങോട്ട് ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. യാത്രാമധ്യേ വിജനമായ സ്ഥലത്തു വെച്ച് മൂവരെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തി. കൃത്യത്തിനു ശേഷം മൃതദേഹങ്ങളുള്ള കാര്‍ ഫിഫ്ത്ത് സെറ്റില്‍മെന്റ് ഏരിയയിലെത്തിച്ച് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.
പ്രതി പിടിയിൽ; കാരണം സാമ്പത്തിക തര്‍ക്കം:
കൊല്ലപ്പെട്ട ഉസാമ നസീഫിന്റെ സുഹൃത്ത് കൂടിയായ, സര്‍വീസില്‍ നിന്ന് വിരമിച്ച ഒരാളാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്.
ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിലുണ്ടായിരുന്ന ചെറിയൊരു സാമ്പത്തിക തര്‍ക്കമാണ് ഈ ദാരുണ കൂട്ടക്കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ പിടികൂടാനായുള്ള തെരച്ചിൽ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്.







