ഗാസ – ഗാസ സിറ്റിയില്‍ ഇസ്രായിലി വ്യോമാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഗാസ ആരോഗ്യ അധികൃതര്‍ അറിയിച്ചു. രിമാല്‍ ഡിസ്ട്രിക്ടിൽ കാറിനു നേരെ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ തുടര്‍ന്ന് കാറില്‍ തീ പടര്‍ന്നുപിടിച്ചതായും ദൃക്‌സാക്ഷികളും മെഡിക്കല്‍ പ്രവര്‍ത്തകരും പറഞ്ഞു. ഒക്‌ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്ന ശേഷം ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 316 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു.
ഇസ്രായില്‍ ആക്രമണങ്ങൾക്കെതിരെ ഹമാസ് പൂര്‍ണമായും എതിർത്തു. ഇസ്രായിലിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ വര്‍ധനവ്, വെടിനിര്‍ത്തല്‍ കരാര്‍ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളെ നേരിടാനുള്ള ഉത്തരവാദിത്തം മധ്യസ്ഥരുടെയും യു.എസ് ഭരണകൂടത്തിന്റെയും മേല്‍ ചുമത്തുന്നതായി ഹമാസ് പറഞ്ഞു. മധ്യസ്ഥര്‍ അടിയന്തിരമായി ഇടപെടണമെന്നും വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നിര്‍ത്താന്‍ ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
അതേസമയം, വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ജൂതകുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഫലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് നബീല്‍ അബൂറുദൈന മുന്നറിയിപ്പ് നല്‍കി. ഇസ്രായില്‍ സൈന്യത്തിന്റെ പിന്തുണയോടെയും സംരക്ഷണത്തോടെയും നടക്കുന്ന വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ തടയുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായിലിനാണ്. ഈ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയും ഇസ്രായില്‍ അധികൃതര്‍ ഫലസ്തീന്‍ ഭൂമി കണ്ടുകെട്ടുന്നത് തുടരുന്നതും അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ സ്ഥിരപ്പെടുത്താനും എല്ലാവര്‍ക്കും സുരക്ഷയും സ്ഥിരതയും നല്‍കുന്ന രാഷ്ട്രീയ പ്രക്രിയ ആരംഭിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ്. ഏറ്റവും ഒടുവില്‍ ചരിത്ര നഗരമായ സെബാസ്റ്റ്യയുടെ ഭൂമി ഇസ്രായില്‍ പിടിച്ചെടുത്തുവെന്നും ഇദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കെതിരായ ഇസ്രായിലിന്റെ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ യു.എസ് ഭരണകൂടം ഇടപെടണം. ഫലസ്തീന്‍ ജനതക്കും അവരുടെ ഭൂമിക്കും അവരുടെ പുണ്യസ്ഥലങ്ങള്‍ക്കും നേരെ ഭീകരാക്രമണങ്ങള്‍ നടത്തുന്ന ജൂതകുടിയേറ്റക്കാര്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര പ്രമേയങ്ങള്‍ നടപ്പാക്കാനും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം സാക്ഷാല്‍ക്കരിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള ഏക മാര്‍ഗമാണിത്. ഏതൊരു പദ്ധതിയുടെയും വിജയം അന്താരാഷ്ട്ര നിയമങ്ങളും ഫലസ്തീന്‍ അവകാശങ്ങളും പാലിക്കുന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്നും നബീല്‍ അബൂറുദൈന കൂട്ടിചേർത്തു.
അതിനിടെ, ഹെബ്രോണിലെ ചില ഡിസ്ട്രിക്ടുകളില്‍ ഇസ്രായില്‍ സൈന്യം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ജൂതകുടിയേറ്റ വിരുദ്ധ പ്രവര്‍ത്തകനായ ആരിഫ് ജാബിര്‍ പറഞ്ഞു. താമസക്കാര്‍ക്കെതിരെ അധിനിവേശ സേന അവരുടെ അടിച്ചമര്‍ത്തല്‍ നടപടികള്‍ ശക്തമാക്കി നഗരത്തിന് കിഴക്കുള്ള ജാബിര്‍, സലായിമ, വാദി അല്‍ഹസീന്‍ ഗലികളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇസ്രായില്‍ സൈന്യം ഏതാനും ഫലസ്തീന്‍ പൗരന്മാരെ ഇടവഴികളിലൂടെ ഓടിച്ചു. സ്വന്തം വീടുകളുടെ മേല്‍ക്കൂരകളില്‍ കയറുന്നതും ജനാലകള്‍ക്കു സമീപം നില്‍ക്കുന്നതും വീടുകള്‍ വിട്ട് പുറത്തുപോകുന്നതും സൈന്യം തടയുന്നുണ്ടെന്നും ആരിഫ് ജാബിര്‍ ചൂണ്ടുകാണിച്ചു.
ഇന്ന് റാമല്ലക്ക് കിഴക്കുള്ള അല്‍മുഗയ്യിര്‍ ഗ്രാമത്തിലെ അല്‍ഖലായില്‍ പ്രദേശത്ത് ഒരു കൂട്ടം ജൂതകുടിയേറ്റക്കാര്‍ ആക്രമണം നടത്തുകയും ഗ്രാമവാസിയായ ഫലസ്തീനിയുടെ ആട്ടിന്‍കൂട്ടത്തിന് വിഷം കൊടുക്കുകയും ചെയ്തു. അതില്‍ മൂന്നെണ്ണം ചത്തതായും പ്രാദേശിക ഫലസ്തീന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കല്‍, വംശീയ മുദ്രാവാക്യങ്ങള്‍ എഴുതല്‍, ഫലസ്തീനികളുടെ ഭൂമിയില്‍ കന്നുകാലികളെ മേയാന്‍ വിടല്‍, കാര്‍ഷിക ഉപകരണങ്ങള്‍ മോഷ്ടിക്കല്‍ എന്നിവയുള്‍പ്പെടെ തുടര്‍ച്ചയായ കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണ് അല്‍മുഗയ്യിര്‍ ഗ്രാമം.



