ഇസ്ലാമാബാദ് – പാക്കിസ്ഥാനിൽ കഴിഞ്ഞ 48 മണിക്കൂറിലുണ്ടായ മിന്നൽ പ്രളയത്തിൽ 321 പേർ മരിച്ചു. നിരവധി പേരെ കാണാതായി. പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലാണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഇവിടെ മാത്രം 307 മരണമാണ് റിപ്പോർട്ട് ചെയ്തത്.
പാകിസ്ഥാനിലെ ബുണര്‍ ജില്ലയിൽ 157 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നു.
ഒറ്റപ്പെട്ട ഇടങ്ങളിൽ ആളുകൾ കുടുങ്ങിക്കടക്കുകയാണ്.
ദുരന്തമേഖലയില്‍ പാക് സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനം വലിയ പ്രതിസന്ധിയിലാവുകയാണ്. ദുരന്ത മേഖലയായ ബജൗറിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 2 പൈലറ്റുമാര്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു.


പാക്കിസ്ഥാൻ്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.