ഗാസ – ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അര്‍ധരാത്രിയില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ പറഞ്ഞു. മൂന്ന് പേര്‍ തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് തെക്ക് പടിഞ്ഞാറുള്ള കശാപ്പ് കേന്ദ്രത്തിന് സമീപവും രണ്ടു പേര്‍ മധ്യ ഗാസ മുനമ്പിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിന് വടക്കുമാണ് കൊല്ലപ്പെട്ടത്. ബുറൈജ് അഭയാര്‍ഥി ക്യാമ്പിന് സമീപമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും മഹ്‌മൂദ് ബസല്‍ പറഞ്ഞു.
വിനാശകരമായ യുദ്ധം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ഒക്ടോബര്‍ 10 മുതല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായിലും ഹമാസും ഇടക്കിടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച സമാധാന പദ്ധതിയുടെ അടിസ്ഥാനത്തില്‍ എത്തിയ വെടിനിര്‍ത്തലിന്റെ നിബന്ധനകളും ഘട്ടങ്ങളും അനുസരിച്ച്, ഇസ്രായില്‍ സൈന്യം യെല്ലോ ലൈന്‍ എന്നറിയപ്പെടുന്ന ഭാഗത്തേക്ക് പിന്‍വാങ്ങി. പക്ഷേ ഇപ്പോഴും ഗാസ മുനമ്പിന്റെ പകുതിയിലധികവും അവര്‍ നിയന്ത്രിക്കുന്നു. ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗാസയില്‍ കുറഞ്ഞത് 601 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതേ കാലയളവില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം പറയുന്നു.



