ന്യൂദൽഹി: എസ്.എഫ്.ഐ ദൽഹി ജില്ലാ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുന്നതിനായി ദൽഹി പൊലീസ് സി.പി.എം ദേശീയ ആസ്ഥാനമായ എകെജി സെന്ററിലെത്തി. 2021-ൽ പശ്ചിമ ബംഗാൾ ഭവന് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
പോലീസ് സംഘത്തിന്റെ വരവ് അറിഞ്ഞതോടെ സി.പി.എം നേതാക്കളും പ്രവർത്തകരും എകെജി സെന്ററിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രീയ പാർട്ടി ഓഫീസിനുള്ളിൽ മുൻകൂർ അനുമതിയില്ലാതെ പൊലീസ് പ്രവേശിക്കാൻ കഴിയില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
സി.പി.എം നേതാവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചു. യൂണിഫോമോ തിരിച്ചറിയൽ ബാഡ്ജോ ഇല്ലാതെയാണ് പൊലീസ് എത്തിയതെന്നും, ഇത് ചോദ്യം ചെയ്തപ്പോൾ മഴയെ തുടർന്നാണ് യൂണിഫോം ധരിക്കാതിരുന്നതെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തികച്ചും ബാലിശമായ ഉത്തരമാണ് പോലീസ് നൽകിയത്.
തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ സംഘം മടങ്ങി. കേസിന്റെ തുടർനടപടികൾ ജൂലൈ 30-ന് കോടതിയിൽ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റിനുള്ള ശ്രമമെന്നുമാണ് എസ്.എഫ്.ഐ നേതൃത്വത്തിന്റെ വിശദീകരണം.





