വാഷിംഗ്ടണ്‍ – ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഇറാനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളാണെന്ന് ആരോപിച്ച്, യു.എ.ഇയിലെ ബാങ്ക് മിസ്റിന്റെ ശാഖകള്‍ക്ക് യു.എസ് ധനകാര്യ സംവിധാനത്തില്‍ പ്രവേശനം നിയന്ത്രിക്കാനുള്ള ഉദ്ദേശ്യം യു.എസ് ട്രഷറി വകുപ്പ്പ്രഖ്യാപിച്ചു. യു.എ.ഇയിലെ രണ്ടാമത്തെ വലിയ ഈജിപ്ത് ബാങ്കായ ബാങ്ക് മിസ്റിന്റെ ശാഖകള്‍ നടപടികളില്‍ ഉള്‍പ്പെടുന്നു. ഇത് ദൈനംദിന ഇടപാടുകളില്‍ യു.എസ് ഡോളര്‍ ഉപയോഗിക്കാനുള്ള ബാങ്ക് മിസ്ര് ശാഖകളുടെ കഴിവ് പരിമിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇറാനും, അതിന്റെ സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതായി ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പമാണ് ബാങ്ക് മിസ്റിനെതിരായ നടപടി.
ഇറാനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉപരോധ പദ്ധതികള്‍ ഈ വാരാദ്യത്തില്‍ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപിച്ചു. ഇറാനെ പ്രതിനിധീകരിച്ച് ഇടപാടുകള്‍ സുഗമമാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡോളറിലേക്കും ആഗോള ധനകാര്യ വ്യവസ്ഥയിലേക്കുമുള്ള പ്രവേശനം നഷ്ടപ്പെടുമെന്ന് ബെസെന്റ് മുന്നറിയിപ്പ് നല്കി. യു.എ.ഇയിലെ ബാങ്ക് മിസ്ര് ഇറാന് ഭരണകൂടത്തെ പിന്തുണക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇറാന് വര്‍ധിച്ചുവരുന്ന സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്ന സമയത്താണ് അമേരിക്ക പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ യു.എസ് ഉപരോധങ്ങളും നയങ്ങളും ലക്ഷ്യങ്ങള്‍ കൈവരിക്കില്ലെന്ന് ഇറാന് സര്‍ക്കാര്‍ വാദിക്കുന്നു. അതേസമയം, രാജ്യം നിരവധി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് അംഗീകരിച്ചു.
അതിനിടെ, യു.എ.ഇയിലെ ബാങ്ക് മിസ്റിന്റെ ശാഖകള്‍ ഇറാനെതിരായ ഉപരോധവുമായി ബന്ധപ്പെട്ട യു.എസ് നടപടികള്‍ക്ക് വിധേയമാണെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച വിശദാംശങ്ങള്‍ ഈജിപ്ഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തി. ഈ നടപടികള്‍ കറസ്പോണ്ടന്റ് ബാങ്കുകളുമായുള്ള യു.എ.ഇ ബാങ്ക് ശാഖകളുടെ യു.എസ് ഡോളറിലുള്ള ഇടപാടുകള്‍ക്ക് മാത്രമാണ് ബാധകമാവുകയെന്നും ഈജിപ്തിലെ ബാങ്ക് മിസ്റിനെയോ അതിന്റെ മറ്റ് വിദേശ ശാഖകളെയോ ബാധിക്കില്ലെന്നും പ്രസ്താവന വിശദീകരിച്ചു.
ഈ നടപടികള്‍ നിരീക്ഷിക്കാന്‍ വിദേശ മന്ത്രാലയം വഴി യു.എസുമായി ഏകോപനം നടത്തുന്നുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവിച്ചു. ഈജിപ്തിലെ ബാങ്ക് മിസ്റും അതിന്റെ മറ്റ് വിദേശ ശാഖകളും ഉള്‍പ്പെടെയുള്ള ഈജിപ്ഷ്യന്‍ ബാങ്കുകളെ ഈ നടപടി ബാധിക്കില്ല. ഈജിപ്ഷ്യന്‍ ബാങ്കിംഗ് സംവിധാനം കരുത്തുറ്റതാണെന്നും സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







