മലപ്പുറം: ഓട്ടോക്ക് ഫിറ്റനസ് ലഭിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പില്‍ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിനെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ട മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിറിനെതിരെ പാര്‍ട്ടി നടപടിയെടുത്തു. ഷാക്കിറിനെ മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും എല്ലാ പദവികളില്‍ നിന്നും നീക്കി. മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ആത്മഹത്യ ചെയ്ത ഡ്രൈവര്‍ ഷൗക്കത്ത്, യുക്തിവാദം തലക്ക് കയറിയാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു സികെ ഷാക്കിറിന്റെ വിവാദ പരാമര്‍ശം. നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തില്‍ എംവിഡി കുറ്റക്കാരല്ലെന്നും ഷാക്കിര്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളും നവമാധ്യമങ്ങളും തെറ്റായ നിരീക്ഷണമാണ് ഇക്കാര്യത്തില്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും സികെ ഷാക്കിര്‍ ആരോപിച്ചിരുന്നു. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് ഈ നടപടി.ഒരു ഏജന്റിന്റെ പിന്തുണയില്ലാതെ സംവിധാനം മുന്നോട്ട് പോകില്ലെന്ന എംവിഡി ഉദ്യോഗസ്ഥരുടെ തീരുമാനമാണ് ഷൗക്കത്തിന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ അരീക്കോട് പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







