മനാമ – ഗാസ യുദ്ധത്തിന്റെ തുടര്‍ച്ചയും വിപുലീകരണവും അന്താരാഷ്ട്ര സുരക്ഷാ സംവിധാനം ദുര്‍ബലമാക്കുന്നതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. മനാമയില്‍ നടക്കുന്ന 2024 മനാമ ഡയലോഗിന്റെ (ഇരുപതാമത് റീജ്യനല്‍ സെക്യൂരിറ്റി ഫോറം) ഉദ്ഘാടന സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹം ഊര്‍ജിതമാക്കണം. സമാധാനം സ്ഥാപിക്കാന്‍ അന്താരാഷ്ട്ര ശാക്തീകരണം വേണം. സമാധാന ശ്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന മുഴുവന്‍ കക്ഷികളെയും ശക്തമായി ചെറുക്കണമെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.
ഗാസയില്‍ 42 മുതല്‍ 60 ദിവസം വരെ നീളുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ വ്യവസ്ഥ ചെയ്യുന്ന ഒരു പുതിയ നിര്‍ദേശം ഇസ്രായേല്‍ മുന്നോട്ടുവെച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റില്‍ മുന്നോട്ടുവെച്ച നിര്‍ദേശം അനുസരിച്ച് 42 ദിവസത്തെ വെടിനിര്‍ത്തലാണ് ഇസ്രായില്‍ മുന്നോട്ടുവെച്ചിരുന്നത്. ജീവനോടെ ശേഷിക്കുന്ന എല്ലാ വനിതാ ബന്ദികളെയും, ഗുരുതരമായ ആരോഗ്യാവസ്ഥകളാല്‍ ബുദ്ധിമുട്ടുന്ന 50 വയസിന് മുകളിലുള്ള മുഴുവന്‍ പുരുഷ ബന്ദികളെയും വിട്ടയക്കണമെന്ന് പുതിയ നിര്‍ദേശം ആവശ്യപ്പെടുന്നു. ജീവനോടെയിരിക്കുന്ന സ്ത്രീകളിലും 50 കുറവ് പ്രായമുള്ള ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച പുരുഷന്മാരിലും പെട്ട 33 ബന്ദികളെ വിട്ടയക്കണമെന്നാണ് മുന്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹമാസ് ബന്ദികളായി പിടിച്ച നൂറോളം ഇസ്രായിലികള്‍ ഇപ്പോഴും ഗാസയില്‍ തടങ്കലില്‍ കഴിയുന്നുണ്ട്. ഇക്കൂട്ടത്തില്‍ 50 പേര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെന്ന് ചില ഇസ്രായേലി കണക്കുകള്‍ സൂചിപ്പിക്കുന്നു. വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനും ബന്ദികളെ വിട്ടയക്കാനും അമേരിക്കയുടെയും ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇസ്രായിലും ഹമാസും പല റൗണ്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇവ ഇതുവരെ ഫലത്തില്‍ എത്തിയിട്ടില്ല. ബന്ദികളെ കൈമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതുവരെ എവിടെയും എത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവന്‍ കഴിഞ്ഞ ഞായറാഴ്ച അറിയിച്ചിരുന്നു.
2024 ഡിസംബര്‍ 6 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ഇരുപതാമത് മനാമ ഡയലോഗില്‍ മധ്യപൗരസ്ത്യദേശത്തെ വിദേശനയം, പ്രതിരോധം, സുരക്ഷ എന്നിവയിലെ ഏറ്റവും വലിയ വെല്ലുവിളികളും, മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും, അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ സ്ഥാപിക്കാനുള്ള ശ്രമങ്ങളും വിശകലനം ചെയ്യും.