കയ്റോ: സൗദി അറേബ്യയിലേക്ക് പ്രതിരോധ ദൗത്യത്തിനായി സൈനികരെ അയക്കാൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിക്ക് ഈജിപ്ഷ്യൻ പാർലമെന്റ് അംഗീകാരം നൽകി. സ്പീക്കർ ഹിഷാം ബദവിയുടെ നേതൃത്വത്തിലാണ് പാർലമെന്റിൽ ഇതുസംബന്ധിച്ച വോട്ടെടുപ്പ് നടന്നത്. സൗദി അറേബ്യക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളും നിലവിലെ പ്രാദേശിക സംഭവവികാസങ്ങളും കണക്കിലെടുത്ത്, രാജ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാനാണ് പാർലമെന്റ് പ്രത്യേക യോഗം ചേർന്നത്.
പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ അഭ്യർത്ഥനയെ തുടർന്നാണ് സായുധ സേനയെ വിന്യവിക്കുന്നതിനുള്ള അനുമതി നൽകിയത്. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും പ്രതിനിധിസഭ രണ്ട് സെഷനുകൾ ചേർന്ന് വിവിധ രാഷ്ട്രീയ കക്ഷികളുടെയും പാർലമെന്ററി ബ്ലോക്കുകളുടെയും അഭിപ്രായങ്ങൾ തേടിയിരുന്നു. തുടർന്ന്, രാജ്യത്തിന്റെ അതിർത്തിക്ക് പുറത്തുള്ള യുദ്ധ ദൗത്യങ്ങളിൽ സേനയെ വിന്യസിക്കുന്നത് സംബന്ധിച്ച ഭരണഘടനാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വോട്ടെടുപ്പ് നടത്തിയത്.
മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്താനായി പ്രസിഡന്റ് അൽസീസിയുടെ അധ്യക്ഷതയിൽ ദേശീയ പ്രതിരോധ കൗൺസിൽ കഴിഞ്ഞ ഞായറാഴ്ച യോഗം ചേർന്നിരുന്നു. സൗദി അറേബ്യയുടെ പ്രതിരോധം ശക്തിപ്പെടുത്താൻ സഹായിക്കാനും മേഖലയിലെ പ്രതിസന്ധികൾ സമാധാനപരമായി പരിഹരിക്കാനും അന്താരാഷ്ട്ര കക്ഷികളുമായി ചേർന്ന് നയതന്ത്ര ശ്രമങ്ങൾ തുടരുമെന്ന് കൗൺസിൽ വ്യക്തമാക്കി.
ഈജിപ്ഷ്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 152 പ്രകാരം, രാജ്യത്തിന്റെ അതിർത്തികൾക്ക് പുറത്ത് യുദ്ധ ദൗത്യത്തിൽ സായുധ സേനയെ വിന്യസിക്കാൻ സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ പ്രസിഡന്റിന് ദേശീയ പ്രതിരോധ കൗൺസിലുമായി കൂടിയാലോചിച്ച ശേഷം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള പ്രതിനിധിസഭയുടെ അംഗീകാരം ആവശ്യമാണ്. ആഭ്യന്തര ചട്ടങ്ങളിലെ ആർട്ടിക്കിൾ 130 അനുസരിച്ച്, ഇത്തരം കാര്യങ്ങളിൽ അടിയന്തര രഹസ്യ സമ്മേളനം ചേർന്നാണ് സഭ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകാരം നൽകേണ്ടത്.



