റിയാദ്- എൽ ഡി എഫ് സർക്കാർ പ്രവാസികൾക്കായി നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി ഒക്ടോബർ 30ന് അവസാനിക്കാനിരിക്കെ, പദ്ധതി പുതുക്കുന്നതിൽ യു ഡി എഫ് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിൽ കേളി കലാസാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഇൻഷുറൻസ് പരിരക്ഷ തുടരാൻ നടപടി സ്വീകരിക്കണമെന്ന് കേളി ആവശ്യപ്പെട്ടു.
ലോക കേരളസഭയിലൂടെ പ്രവാസികളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ചും വിവിധ കോണുകളിൽനിന്നുള്ള നിർദേശങ്ങൾ പരിഗണിച്ചുമാണ് എൽ ഡി എഫ് സർക്കാർ നോർക്ക കെയർ പദ്ധതിക്ക് രൂപം നൽകിയത്. സാധാരണ ഇൻഷുറൻസ് പദ്ധതികളിൽനിന്ന് വ്യത്യസ്തമായി പ്രവാസികളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പരിരക്ഷ ലഭ്യമാക്കിയ പദ്ധതി വലിയ ജനപങ്കാളിത്തമാണ് നേടിയത്. ആദ്യഘട്ടത്തിൽ പോളിസി എടുക്കാതിരുന്നവർ പോലും പദ്ധതിയുടെ ഗുണഫലങ്ങൾ നേരിട്ടറിഞ്ഞവരുടെ അനുഭവങ്ങൾ കേട്ട് രണ്ടാംഘട്ടത്തിൽ അംഗങ്ങളാവാനും, തുടർചികിത്സ ആവശ്യമുള്ളവരും കുടുംബാംഗങ്ങൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവരും പോളിസി പുതുക്കാനായി കാത്തിരിക്കുകയാണ്.
നിരവധി പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ സഹായം നൽകിയ സാമൂഹിക, സാംസ്കാരിക സംഘടനകളും ജീവകാരുണ്യ പ്രവർത്തകരും നിരന്തരം നടത്തിയ ഇടപെടലുകൾ പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സംശയങ്ങൾക്ക് സമയബന്ധിതമായി മറുപടി നൽകാനും നടപടികൾ സുഗമമാക്കാനും നോർക്കയിലെ ഉദ്യോഗസ്ഥരും സഹകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതിയുടെ തുടർച്ച സംബന്ധിച്ച് വ്യക്തതയില്ലാത്തതും അന്വേഷണങ്ങൾക്ക് മറുപടി ലഭിക്കാൻ വൈകുന്നതും പ്രവാസികളെ ആശങ്കയിലാക്കുന്നു.
പോളിസി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഗുണഭോക്താക്കളെ അനിശ്ചിതത്വത്തിലാക്കാതെ നോർക്ക കെയർ ഇൻഷുറൻസ് പുതുക്കുന്നതിനുള്ള നടപടികൾ ഉടൻ പ്രഖ്യാപിക്കണം. നിലവിലെ അംഗങ്ങൾക്ക് പരിരക്ഷ മുടങ്ങാതിരിക്കാനും തുടർചികിത്സ ആവശ്യമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും അടിയന്തര സംവിധാനം ഒരുക്കണം. പ്രവാസികളുടെ വിയർപ്പും അധ്വാനവും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകുമ്പോൾ അവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. പ്രവാസികളെ വീണ്ടും സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടാതെ നോർക്ക കെയർ പദ്ധതി തുടരാൻ സർക്കാർ തയ്യാറാകണമെന്ന് കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



