ബഗ്ദാദ്– ഇറാഖ് തീരത്തിന് സമീപം ഗള്‍ഫ് ഉള്‍ക്കടലില്‍ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിലില്‍ സ്‌ഫോടനങ്ങളും അഗ്നിബാധയുമുണ്ടായി. കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായതെന്ന് കരുതുന്നതായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇറാഖിലെ ഉം ഖസര്‍ തുറമുഖത്തിന് ഏകദേശം 40 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കപ്പലിലുണ്ടായ രണ്ടാമത്തെ സ്‌ഫോടനം ഡ്രോണ്‍ മൂലമാണെന്ന് പ്രാഥമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നതായി ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ സ്‌ഫോടനങ്ങള്‍ കപ്പലില്‍ തീപിടുത്തത്തിന് കാരണമായി. സംഭവത്തില്‍ ഇറാഖ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
ഗള്‍ഫ് ഉള്‍ക്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലില്‍ അജ്ഞാത പ്രൊജക്‌റ്റൈല്‍ ഇടിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തില്‍ വലിയ സ്‌ഫോടനം ഉണ്ടായെങ്കിലും നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പനാമ പതാക വഹിച്ച എം.എസ്.സി സരിസ്‌ക വി എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവം നടക്കുന്നതിന് മുമ്പ് ഉം ഖസറില്‍ കപ്പല്‍ ചരക്ക് ഇറക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. മെക്കാനിക്കല്‍ തകരാര്‍ ആകും സ്‌ഫോടനത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. എന്നാല്‍, പ്രാഥമിക അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകള്‍ ഡ്രോണ്‍ ആക്രമണമാണെന്ന് സൂചിപ്പിക്കുന്നതായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് പറഞ്ഞു.



