തെല്‍അവീവ് – അധിനിവിഷ്ട ജറൂസലമിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജൂതന്മാരെ ആയുധമണിയിക്കാനുള്ള വിവാദ തീരുമാനവുമായി ഇസ്രായേലിന്റെ തീവ്രദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ. സംഘർഷ മേഖലകളിൽ താമസിക്കുന്നവരെ മാത്രമല്ല, നഗരത്തിലെ 41 ഡിസ്ട്രിക്ടുകളിലെ മുഴുവൻ ജൂത നിവാസികൾക്കും വ്യക്തിഗത തോക്ക് ലൈസൻസ് നൽകാനാണ് തീരുമാനം. നഗരം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള പഠനത്തിന് ശേഷമാണ് ഈ നീക്കമെന്ന് മന്ത്രാലയം അവകാശപ്പെടുമ്പോഴും, ഇത് പ്രദേശത്തെ സമാധാനാന്തരീക്ഷം കൂടുതൽ തകർക്കുമെന്ന ആശങ്ക ശക്തമാണ്.
നിലവിൽ ഗിവാട്ട് ഷാൾ, റാമോട്ട് തുടങ്ങിയ കുടിയേറ്റ കോളനികളിൽ തോക്കുകൾ വിതരണം ചെയ്തു കഴിഞ്ഞു. പുതിയ തീരുമാനത്തോടെ നഗരത്തിലെ ആകെ ആറ് ലക്ഷം ജൂതന്മാരിൽ ഭൂരിഭാഗം പേരും തോക്ക് കൈവശം വെക്കാൻ അർഹരാകും. സൈനിക സേവന പരിചയമില്ലാത്ത തീവ്ര ഓർത്തഡോക്സ് ജൂതന്മാർക്കും വാണിജ്യ കേന്ദ്രങ്ങളിലുള്ളവർക്കും അറബ് അയൽപക്കങ്ങൾക്ക് അരികിൽ താമസിക്കുന്നവർക്കും തോക്ക് ലഭിക്കും. 2023 ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ച ശേഷം ബെൻ-ഗ്വിർ ഇതിനകം രണ്ടര ലക്ഷത്തിലധികം ഇസ്രായേലികൾക്ക് ആയുധങ്ങൾ നൽകിയിട്ടുണ്ട്.
ഈ നടപടി ഫലസ്തീനികൾക്കെതിരായ അക്രമങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും ജൂത കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ ഇതിനകം തന്നെ രൂക്ഷമാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക പിന്തുണയോടെ നടക്കുന്ന ഈ ആയുധ വിതരണം സിവിലിയന്മാർക്ക് നേരെ വെടിയുതിർക്കാൻ കുടിയേറ്റക്കാർക്ക് നൽകുന്ന ലൈസൻസാണെന്ന് ഫലസ്തീൻ അതോറിറ്റിയും ജറൂസലം ഗവർണറേറ്റും ആരോപിച്ചു.
ഇതൊരു വംശീയ പ്രകോപനമാണെന്നും നിയമത്തിന് പുറത്തുള്ള കൊലപാതകങ്ങൾക്ക് ഇത് വഴിതുറക്കുമെന്നും ജറൂസലം ഗവർണറേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 140-ലേറെ ഫലസ്തീനികൾ ജറൂസലമിൽ കൊല്ലപ്പെട്ടിട്ടുണ്ട്, ഇതിൽ പകുതിയോളം കുട്ടികളാണ്. കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും മറിച്ച് ഇസ്രായേൽ സർക്കാർ സ്പോൺസർ ചെയ്യുന്ന ഭീകരതയാണെന്നും ഫലസ്തീൻ പ്രതിനിധികൾ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് നിരപരാധികളെ സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.



