ഗാസ – രണ്ടാഴ്ച മുമ്പ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. 2023 ഒക്‌ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം ഗാസയില്‍ ആകെ മരിച്ചവരുടെ എണ്ണം 50,357 ആയി ഉയര്‍ന്നതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ദക്ഷിണ ഗാസയിലെ റഫയില്‍ ശക്തമായ ആക്രമണങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഇസ്രായിലി സൈന്യം പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഹമാസ് തടവിലാക്കിയ ബന്ദികളില്‍ ശേഷിക്കുന്നവരില്‍ പകുതിയോളം പേരെ വിട്ടയക്കുന്നതിന് പകരമായി ഗാസയില്‍ 40 മുതല്‍ 50 ദിവസം വരെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള നിര്‍ദേശം ഇസ്രായില്‍ മുന്നോട്ടുവെച്ചതായി ഇസ്രായിലി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രദേശത്ത് സൈനിക നടപടികള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇസ്രായില്‍ സൈന്യം ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് നിരവധി റഫ നിവാസികള്‍ പലായനം ചെയ്തു. പ്രദേശത്തുനിന്ന് പലായനം ചെയ്യുന്ന ആളുകളുടെ നീണ്ട നിരകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നു.