വാഷിങ്ടന്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനു (ട്വിറ്റര്‍) നേരെ വന്‍ സൈബര്‍ ആക്രമണം നടന്നു. ഏഷ്യയിലും യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും പല രാജ്യങ്ങളിലും എക്‌സ് പ്രവര്‍ത്തനം സ്തംഭിച്ചു. ഈ ആക്രമണത്തിന്റെ പ്രഭവ കേന്ദ്രം യുക്രൈനാണെന്ന് ഡിജിറ്റല്‍ തെളിവുകള്‍ സൂചിപ്പിക്കുന്നതായി എക്‌സ് ഉടമ ഇലോന്‍ മസ്‌ക് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഉറപ്പില്ല, പക്ഷെ അക്രമികളുടെ ഐപി അഡ്രസുകള്‍ യുക്രൈനില്‍ നിന്നുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതലാണ് എക്‌സിനു നേരെ സൈബര്‍ ആക്രമണം ഉണ്ടായത്. പലര്‍ക്കും എക്‌സ് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
ഈ ആക്രമണം തനിക്കെതിരായ നടക്കുന്ന പ്രചാരണങ്ങളുടെ ഭാഗമാണെന്നും മസ്‌ക് ആരോപിച്ചു. താന്‍ യുഎസിലെ ഡിപാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സി (ഡോഡ്ജ്)ക്ക് നേതൃത്വം നല്‍കുന്നതിനെതിരെ ഈയിടെ നടന്ന പ്രതിഷേധങ്ങള്‍ക്കും ടെസ്ല പ്ലാന്റുകള്‍ക്കു നേരെ നടന്ന അതിക്രമങ്ങള്‍ക്കും ഈ ആക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എക്‌സില്‍ ഒരു പോസ്റ്റും മസ്‌ക് പങ്കുവച്ചു.