ബൈജിംഗ് : ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധങ്ങള്‍ അംഗീകരിക്കില്ലെന്നും ഇറാനുമായുള്ള തങ്ങളുടെ സഹകരണം നിയമപരമാണെന്നും ചൈന വ്യക്തമാക്കി. ഇറാനുമായുള്ള ബന്ധം കാരണം ചൈനീസ് സ്ഥാപനങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൂചനയോട് പ്രതികരിച്ചാണ് ചൈനീസ് വിദേശ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായുള്ള പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക പ്രായോഗിക മാര്‍ഗം സംഭാഷണവും ചര്‍ച്ചകളുമാണെന്ന് ചൈന വിശ്വസിക്കുന്നതായി ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പ്രസ്താവിച്ചു. ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഉപരോധങ്ങളെ ചൈന എതിര്‍ക്കുന്നു. ഈ നിലപാട് സ്ഥിരവും വ്യക്തവുമാണെന്നും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
ചൈനയും ഇറാനും തമ്മിലുള്ള സഹകരണം എല്ലാപ്പോഴും അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് നടക്കുന്നതെന്ന്, ഇറാനെതിരായ പുതിയ യു.എസ് ഉപരോധങ്ങള്‍ പരാമര്‍ശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവിച്ചു. ചൈനഇറാന്‍ സഹകരണത്തില്‍ ഇടപെടുകയോ അത് തടസ്സപ്പെടുത്തുകയോ ചെയ്യരുത്. ഇറാനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ അവകാശങ്ങളും താല്‍പ്പര്യങ്ങളും നിശ്ചയദാര്‍ഢ്യത്തോടെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ചൈന സ്വീകരിക്കുമെന്നും വിദേശ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരായ പുതിയ യു.എസ് സാമ്പത്തിക ഉപരോധങ്ങള്‍ ഭരണകൂട ഭീകരതക്ക് തുല്യമാണെന്നും നിയമവിരുദ്ധവും അപലപനീയവുമാണെന്നും ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. യു.എസ് ഉപരോധങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇറാന്‍ ലോക രാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നു. യു.എസ് ഉപരോധങ്ങളില്‍ പങ്കെടുക്കുന്നത് ഒരു രാജ്യത്തിന്റെ നിയമവിരുദ്ധമായ ഇച്ഛാശക്തി മറ്റൊരു രാജ്യത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് എന്നും ബഗായ് കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരായ യു.എസ് ഉപരോധ നയങ്ങളെ ഇറാന്‍ വിദേശ മന്ത്രാലയം അപലപിച്ചു. അവ യു.എന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം പറഞ്ഞു. ഇറാനെതിരായ ഉപരോധ നയങ്ങള്‍ പാലിക്കാന്‍ മറ്റ് രാജ്യങ്ങളെ ഭയപ്പെടുത്താനുള്ള ഉപകരണമായി ഡോളറിനെ അമേരിക്ക ഉപയോഗിക്കുകയാണ്. ഉപരോധങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ഇറാന്‍ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







