ഗാസ – രണ്ടു മാസം മുമ്പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഗാസയിലെ കുട്ടികള്‍ ഇപ്പോഴും കടുത്ത പോഷകാഹാരക്കുറവിന്റെ പിടിയിലാണെന്ന് യൂനിസെഫ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മാനുഷിക സഹായത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഗാസയില്‍ ആയിരക്കണക്കിന് കുട്ടികളെ ഗുരുതരമായ പോഷകാഹാരക്കുറവ് കാരണം ഒക്ടോബര്‍ മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് യൂനിസെഫ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം പ്രാബല്യത്തില്‍ വന്ന ഒക്ടോബറില്‍ 9,300 കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവിന് ചികിത്സ നല്‍കിയതായി ഗാസയിലെ പോഷകാഹാരക്കുറവ് ചികിത്സാ സേവനങ്ങളുടെ ഏറ്റവും വലിയ ദാതാവായ യൂനിസെഫ് കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റില്‍ പോഷകാഹാരക്കുറവിന് 14,000 ലേറെ കുട്ടികള്‍ ചികിത്സ തേടി. ഇതിനെ അപേക്ഷിച്ച് ഒക്‌ടോബറില്‍ പോഷകാഹാരക്കുറവിന് ചികിത്സ തേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞെങ്കിലും ഫെബ്രുവരിയിലും മാര്‍ച്ചിലും നിലനിന്ന ഹ്രസ്വകാല വെടിനിര്‍ത്തല്‍ കാലത്ത് രേഖപ്പെടുത്തിയ നിലവാരത്തേക്കാള്‍ വളരെ ഉയര്‍ന്നതാണിതെന്ന് യൂനിസെഫ് വക്താവ് ടെസ് ഇന്‍ഗ്രാം ഗാസയില്‍ നിന്ന് വീഡിയോ ലിങ്ക് വഴി ജനീവയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് സഹായ പ്രവാഹം അപര്യാപ്തമായി തുടരുന്നുവെന്ന് സൂചിപ്പിക്കുന്നു. പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണം ഇപ്പോഴും ഞെട്ടിപ്പിക്കുന്ന തരത്തില്‍ ഉയര്‍ന്നതാണെന്ന് ടെസ് ഇന്‍ഗ്രാം കൂട്ടിച്ചേര്‍ത്തു.
നമ്മള്‍ കാണുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഫെബ്രുവരിയിലേതിനേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്. അതിനാല്‍ ഈ എണ്ണം ഇനിയും കുറക്കേണ്ടതുണ്ട്. അതിജീവിക്കാന്‍ നടത്തുന്ന പരിശ്രമത്തില്‍ അവരുടെ ചെറിയ നെഞ്ചുകള്‍ വീര്‍ത്തിരിക്കുന്നു – ഒരു കിലോഗ്രാമില്‍ താഴെ ഭാരത്തോടെ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ കാഴ്ചയെ കുറിച്ച് ടെസ് ഇന്‍ഗ്രാം വിവരിച്ചു.



