കയ്‌റോ – രണ്ടു വർഷത്തോളമായി ഇസ്രായിൽ ഗാസയിൽ തുടരുന്ന വംശഹത്യക്കും മനുഷ്യക്കുരുതിക്കും അറുതി വരുത്തി ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. തടവുകാരുടെ മോചന പദ്ധതി ചർച്ച ചെയ്യാൻ ഇസ്രായേൽ മന്ത്രിസഭാ ഉടൻ യോഗം ചേരും. ഒരു മണിക്കൂർ മുമ്പാണ് യോഗം നിശ്ചയിച്ചത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ തടവുകാരുടെ കൈമാറ്റം അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.
ഖത്തര്‍, ഈജിപ്ത്, അമേരിക്ക, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഈജിപ്തിലെ ശറമുശ്ശൈഖില്‍ ദിവസങ്ങളായി നടന്നുവന്ന സങ്കീര്‍ണമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹമാസും ഇസ്രായിലും സമാധാന കരാര്‍ ഒപ്പുവെച്ചത്.
മുഴുവന്‍ ഇസ്രായിലി ബന്ദികളെയും മോചിപ്പിക്കാന്‍ അനുവദിക്കുന്ന തരത്തിൽ അമേരിക്ക നിര്‍ദേശിച്ച ഗാസ സമാധാന കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രായിലും ഹമാസും ഒപ്പുവെച്ചതായി തന്റെ ട്രൂത്ത് സോഷ്യല്‍ വഴി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇസ്രായിലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഒപ്പവെവച്ചതായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇതിനര്‍ഥം എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ശക്തവും ശാശ്വതവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഇസ്രായില്‍ തങ്ങളുടെ സൈന്യത്തെ യോജിപ്പിലെത്തിയ രേഖയിലേക്ക് പിന്‍വലിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അറബ്, മുസ്‌ലിം ലോകങ്ങള്‍ക്കും ഇസ്രായിലിനും എല്ലാ അയല്‍ രാജ്യങ്ങള്‍ക്കും അമേരിക്കക്കും ഇത് ഒരു മികച്ച ദിവസമാണ്. ഈ ചരിത്രപരവും അഭൂതപൂര്‍വവുമായ സംഭവം കൈവരിക്കാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥര്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. സമാധാന നിര്‍മാതാക്കള്‍ക്ക് വളരെയധികം ബഹുമാനം! – ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.
ഇസ്രായിലും ഹമാസും ഗാസ കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഒപ്പുവെച്ചതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ദൈവത്തിന്റെ സഹായത്തോടെ, ഞങ്ങള്‍ അവരെയെല്ലാം വീട്ടിലേക്ക് കൊണ്ടുവരുമെന്ന്, ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ പരാമര്‍ശിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇന്ന് ഇസ്രായേലിന് ഒരു മഹത്തായ ദിവസമാണ് – നെതന്യാഹു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപുമായി സംസാരിച്ചതായും എല്ലാ ബന്ദികളുടെ മോചനം ഉള്‍പ്പെടുന്ന ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിന്റെ ചരിത്ര നേട്ടത്തിന് ഇരുവരും പരസ്പരം അഭിനന്ദനങ്ങള്‍ കൈമാറിയതായും ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് പറഞ്ഞു. ഇരുപക്ഷവും അടുത്ത സഹകരണം തുടരാന്‍ സമ്മതിച്ചതായും നെതന്യാഹു ട്രംപിനെ നെസ്സറ്റില്‍ (ഇസ്രായില്‍ പാര്‍ലമെന്റ്) അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചതായും ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കല്‍, സഹായ വസ്തുക്കള്‍ ഗാസയില്‍ പ്രവേശിപ്പിക്കല്‍, തടവുകാരെയും ബന്ദികളെയും കൈമാറല്‍ എന്നിവ ഉള്‍പ്പെടുന്ന, ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തിയതായി ഹമാസ് പ്രഖ്യാപിച്ചു. കരാര്‍ പൂര്‍ണമായും നടപ്പാക്കാന്‍ ഇസ്രായിലിനെ ബാധ്യസ്ഥരാക്കാന്‍ ട്രംപിനോടും കരാറിന്റെ ഉറപ്പ് നല്‍കുന്ന രാഷ്ട്രളോടും വിവിധ അറബ്, ഇസ്‌ലാമിക, അന്താരാഷ്ട്ര കക്ഷികളോടും ഹമാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നമ്മുടെ ഫലസ്തീന്‍ ജനതക്കെതിരായ ഉന്മൂലന യുദ്ധം അവസാനിപ്പിക്കുക, ഗാസ മുനമ്പില്‍ നിന്ന് അധിനിവേശ സൈന്യത്തെ പിന്‍വലിക്കുക എന്നീ ലക്ഷ്യങ്ങളോടെ, പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശവുമായി ബന്ധപ്പെട്ട് ശറമുശ്ശൈഖില്‍ ഹമാസും മറ്റു ഫലസ്തീന്‍ വിഭാഗങ്ങളും ഉത്തരവാദിത്തത്തോടെയും ഗൗരവത്തോടെയും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, ഗാസക്കെതിരായ യുദ്ധം അവസാനിപ്പിക്കുക, ഗാസയില്‍ നിന്ന് ഇസ്രായിലി സൈന്യത്തെ പിന്‍വലിക്കുക, സഹായങ്ങള്‍ പ്രവേശിപ്പിക്കുക, തടവുകാരെയും ബന്ദികളെയും കൈമാറ്റം ചെയ്യുക എന്നിവ വ്യവസ്ഥ ചെയ്യുന്ന കരാറിലെത്തിയതായി പ്രഖ്യാപിക്കുന്നതായി ഔദ്യോഗിക പ്രസ്താവനയില്‍ ഹമാസ് പറഞ്ഞു. നമ്മുടെ ജനങ്ങളുടെ ത്യാഗങ്ങള്‍ വെറുതെയാകില്ല. ഞങ്ങള്‍ ഉടമ്പടിയോട് പ്രതിജ്ഞാബദ്ധരായിരിക്കും. സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം എന്നിവ ലഭിക്കുന്നതുവരെ ഞങ്ങളുടെ ജനങ്ങളുടെ ദേശീയ അവകാശങ്ങള്‍ ഉപേക്ഷിക്കുകയുമില്ല – ഹമാസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
യുദ്ധം അവസാനിപ്പിക്കാനും ഇസ്രായിലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കാനും സഹായങ്ങള്‍ പ്രവേശിപ്പിക്കാനും ഇടയാക്കുന്ന നിലക്ക് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം നടപ്പാക്കാനുള്ള എല്ലാ നിബന്ധനകളും സംവിധാനങ്ങളും അംഗീകരിച്ചതായി ഖത്തര്‍ വിദേശ മന്ത്രാലയ വക്താവ് മാജിദ് അല്‍അന്‍സാരി അറിയിച്ചു. വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം എക്‌സ് വഴി അറിയിച്ചു. ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനും അവിടെ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാറിന്റെ പ്രഖ്യാപനത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തു.



