ബെയ്‌റൂത്ത്: തെക്കന്‍ ലെബനോനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ഇസ്രായിലി സൈനികര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മജ്ദല്‍ സൗന്‍ ഗ്രാമത്തിലെ കെട്ടിടത്തില്‍ ഹിസ്ബുല്ല പോരാളികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിന്റെ 55-ാം ബ്രിഗേഡിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഹിസ്ബുല്ല ഒരുക്കിയ കെണിയിലാണ് സൈനികര്‍ അകപ്പെട്ടതെന്ന് കരുതപ്പെടുന്നു. സമീപകാലത്ത് ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ സൈന്യത്തിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്.
സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സൈനിക ഹെലികോപ്റ്ററില്‍ ഹൈഫയിലെ റംബാം ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് ഹീബ്രു വാര്‍ത്താ പോര്‍ട്ടലായ ‘ഹദഷോട്ട് ബെസ്മാന്‍’ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ നിന്ന് ആംബുലന്‍സുകളിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിന് പിന്നാലെ ഇസ്രായില്‍ സൈന്യം മേഖലയില്‍ ശക്തമായ പ്രത്യാക്രമണം നടത്തി. മജ്ദല്‍ സൗന്‍, മന്‍സൂരി ഗ്രാമങ്ങള്‍ക്ക് ഇടയിലുള്ള കൃഷിഭൂമികളും പൊതുസ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രായില്‍ വാര്‍ത്താ സൈറ്റായ ‘വൈനെറ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുല്ലയുടെ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്.
വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും ലെബനോന്‍-ഇസ്രായില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ദക്ഷിണ ലെബനോനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ വ്യോമ-കരസേനാ ഓപ്പറേഷനുകള്‍ ശക്തമാക്കിയപ്പോള്‍, അതിര്‍ത്തി മേഖലയില്‍ ഇസ്രായില്‍ സേനയ്‌ക്കെതിരെ ശക്തമായ പ്രതിരോധമാണ് ഹിസ്ബുല്ല തീര്‍ക്കുന്നത്.






