തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കില്‍ കണ്ടെയ്‌നര്‍ കപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന്, ഇറാനെതിരെ പുതിയ റൗണ്ട് ആക്രമണം ആരംഭിച്ചതായി യു.എസ് സൈന്യം അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ സൈപ്രസ് പതാക വഹിച്ച കണ്ടെയ്‌നര്‍ കപ്പലായ എം.വി ജി.എഫ്.എസ് ഗ്യാലക്‌സിക്കു നേരെ റെവല്യൂഷണറി ഗാര്‍ഡ് ധിക്കാരപരമായ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഈ ആഴ്ച ഇറാനെതിരെ നടത്തുന്ന മൂന്നാമത്തെ റൗണ്ട് ആക്രമണമാണിതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഇറാന്‍ ആക്രമണത്തില്‍ കപ്പലിലെ ഒരു സിവിലിയന്‍ ക്രൂ അംഗത്തെ കാണാതായി. അഗ്നിബാധയും എന്‍ജിന്‍ റൂമിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനാലും കപ്പലിന് യാത്ര തുടരാന്‍ കഴിയില്ല എന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണങ്ങള്‍ നടത്തിയത്. സിവിലിയന്‍ നാവികരെയും ഹോര്‍മുസ് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകുന്ന വാണിജ്യ കപ്പലുകളെയും ആക്രമിക്കാനുള്ള ഇറാന്റെ ശേഷി ദുര്‍ബലപ്പെടുത്തുന്നതിലൂടെ അമേരിക്ക ഇറാനില്‍ നിന്ന് കനത്ത വില ഈടാക്കുന്നതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
ബന്ദര്‍ അബ്ബാസ്, സിരിക്, ബൂഷെഹര്‍, അസലുയെ, കൊണാരക്, ചബഹാര്‍, ഖെഷം ദ്വീപ് എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ വെടിയുതിര്‍ത്തും പിന്നീട് ഹോര്‍മുസ് കടലിടുക്ക് അടച്ചും ഇറാന്‍ തെറ്റ് ചെയ്തതായി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വാദിച്ചു. മോശം ഓപ്ഷന്‍ തെരഞ്ഞെടുത്ത ഇറാന്‍ ഇപ്പോള്‍ കൂടുതല്‍ യു.എസ് വ്യോമാക്രമണങ്ങളിലൂടെ വില നല്‍കുകയാണെന്ന്, ഇറാനെതിരായ മൂന്നാം റൗണ്ട് വ്യോമാക്രമണം ആരംഭിച്ചതായി പ്രഖ്യാപിച്ച യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയെ കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് യു.എസ് പ്രതിരോധ സെക്രട്ടറി എക്‌സ് പ്ലാറ്റ്ഫോമില്‍ എഴുതി.
മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതായി ഇറാന്‍ പ്രഖ്യാപിച്ചു. അനുമതിയില്ലാത്ത പാതയിലൂടെ ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടെ ചരക്കു കപ്പലിനു നേരെ മുന്നറിയിപ്പ് എന്നോണം വെടിവെച്ചതായി റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. കപ്പലിന് വെടിയേറ്റതായും കപ്പല്‍ സഞ്ചാരം നിര്‍ത്തിയതായും റെവല്യൂഷണറി ഗാര്‍ഡ് നേവി പറഞ്ഞു. ഈ സംഭവത്തെ തുടര്‍ന്നും വിദേശ ഏജന്‍സികളുടെ നിയമവിരുദ്ധ ഇടപെടലിന്റെ ഫലമായുണ്ടായ അരക്ഷിതാവസ്ഥ കണക്കിലെടുത്തും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയും മേഖലയിലെ യു.എസ് ഇടപെടല്‍ അവസാനിക്കുന്നതുവരെയും ഹോര്‍മുസ് കടലിടുക്ക് അടച്ചിടും. ഒരു കപ്പലിനെയും ഹോര്‍മുസിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ല – റെവല്യൂഷണറി ഗാര്‍ഡ് നേവി പറഞ്ഞു. ഈ ആഴ്ച ഹോര്‍മുസില്‍ മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇറാന്‍ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക തിരിച്ചടിച്ചു. ജൂണില്‍ ഇരുപക്ഷവും ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



