ന്യൂയോർക്ക്- ഇസ്രായേലിനുള്ള അമേരിക്കയുടെ സൈനികവും സാമ്പത്തികവുമായ പിന്തുണ അവസാനിപ്പിക്കണമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി ആവശ്യപ്പെട്ടു. ഗാസ യുദ്ധത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അദ്ദേഹം യു.എസ് നിലപാടിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. ഇസ്രായേലിലേക്ക് അയക്കുന്ന ഓരോ ആയുധ കയറ്റുമതിയിലും അമേരിക്ക പങ്കാളിയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അധിനിവേശവും വർണ്ണവിവേചനവും തുടരുന്ന നിലപാട് ലോകം നിരസിക്കണമെന്നും ആഹ്വാനം ചെയ്തു.
2023 ഒക്ടോബർ 7ന് നടന്ന സംഭവങ്ങൾ ഭയാനകമായ യുദ്ധക്കുറ്റകൃത്യങ്ങളാണെന്നും എന്നാൽ കഷ്ടപ്പാടുകൾ ആ ദിവസം കൊണ്ട് ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്തിട്ടില്ലെന്നും മംദാനി ചൂണ്ടിക്കാട്ടി. ഗാസയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 21,000 കുട്ടികൾ ഉൾപ്പെടെ 74,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 2025 ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തലിനു ശേഷവും ആക്രമണങ്ങൾ തുടരുകയും 1,460ലേറെ പേർ മരണപ്പെടുകയും ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നു.
അതേസമയം, മേയറുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്. പ്രസ്താവന ‘ലജ്ജാകരമായ ധാർമ്മിക പരാജയ’മാണെന്ന് അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി പ്രതികരിച്ചു. ഒക്ടോബർ 7ന്റെ ഓർമ്മകളെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിതെന്ന് യു.എൻ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







