ബഗ്ദാദ് – ബഗ്ദാദില്‍ നിന്ന് 120 കിലോമീറ്റര്‍ പടിഞ്ഞാറ് അന്‍ബാര്‍ പ്രവിശ്യയിലെ ഹബാനിയ സൈനിക താവളത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ഹബാനിയ ബേസ് കമാന്‍ഡിന്റെ ഭാഗമായ ഹബാനിയ സൈനിക ക്ലിനിക്കും ഹബാനിയ വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്മെന്റും ഇന്ന് രാവിലെ വ്യോമാക്രമണത്തിന് വിധേയമായി. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഷെല്ലാക്രമണവുമുണ്ടായി. ഇത് നമ്മുടെ ഏഴ് പോരാളികളുടെ രക്തസാക്ഷിത്വത്തിനും 13 പേര്‍ക്ക് പരിക്കേല്‍പ്പിക്കാനും കാരണമായി. സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീമുകള്‍ ഇപ്പോഴും സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈ ആക്രമണം മെഡിക്കല്‍ സ്ഥാപനങ്ങളെയും അവയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്നത് നിരോധിക്കുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും നഗ്‌നവും ഗുരുതരവുമായ ലംഘനമാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഈ ഭീരുത്വമാര്‍ന്ന ആക്രമണങ്ങള്‍ നമ്മുടെ ഉദ്യോഗസ്ഥരെ അവരുടെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കില്ല. മറിച്ച്, രാഷ്ട്രത്തെയും ജനങ്ങളെയും സേവിക്കാനുള്ള ദൗത്യം തുടരാനുള്ള അവരുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. സ്ഥാപിത നിയമ ചട്ടക്കൂടുകള്‍ക്കനുസൃതമായി ഈ ആക്രമണത്തിനെതിരെ പ്രതികരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പൂര്‍ണ്ണ അവകാശമുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഹബാനിയ വ്യോമതാവളത്തിനു നേരെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിലെ 15 അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയത് അമേരിക്കയാണെന്ന് പി.എം.എഫ് ആരോപിച്ചു. ഹബാനിയ വ്യോമതാവളത്തിനു നേരെ ഒരു യുദ്ധവിമാനം രണ്ട് മിസൈലുകള്‍ തൊടുത്തുവിടുകയായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അന്‍ബാര്‍ പ്രവിശ്യയിലെ പി.എം.എഫിന്റെ ഓപ്പറേഷന്‍സ് കമാന്‍ഡറായ സഅദ് ദവായിയും ഉള്‍പ്പെടുന്നു. ആക്രമണത്തെ തുടര്‍ന്ന്, സുരക്ഷാ സേനക്കും ഔദ്യോഗിക സായുധ സേനയുടെ ഭാഗമായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിനും തങ്ങളുടെ താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതികരിക്കാനും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശം ഇറാഖ് അധികൃതര്‍ നല്‍കി. ചൊവ്വാഴ്ച വടക്കന്‍ ഇറാഖിലെ എര്‍ബിലില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആറ് കുര്‍ദിഷ് പെഷ്‌മെര്‍ഗ പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു.
ഫെബ്രുവരി 28 ന് ഇറാനെതിരായ യു.എസ്-ഇസ്രായില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഇറാഖിലേക്കും സംഘര്‍ഷം വ്യാപിച്ചു. ഇറാനോട് കൂറുപുലര്‍ത്തുന്ന ഇറാഖി സായുധ വിഭാഗങ്ങളുടെ നിരവധി താവളങ്ങള്‍ക്കു നേരെ വ്യോമാക്രമണങ്ങളുണ്ടായി. ഇവക്കു പിന്നില്‍ അമേരിക്കയാണെന്ന് കരുതപ്പെടുന്നു. സമാന്തരമായി, സായുധ ഗ്രൂപ്പുകള്‍ ബാഗ്ദാദിലെ യു.എസ് എംബസിയും മറ്റ് അമേരിക്കന്‍ താല്‍പ്പര്യങ്ങളും താവളങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി.



