ഗാസ– 2023 ഒക്ടോബര്‍ മുതല്‍ ഏകദേശം 98 ഫലസ്തീനികള്‍ ഇസ്രായില്‍ ജയിലുകളില്‍ മരിച്ചതായി ഇസ്രായിലി ഡാറ്റകൾ വ്യക്തമാക്കുന്നു. ഗാസയില്‍ അറസ്റ്റിലായ നൂറുകണക്കിന് ആളുകളുടെ തിരോധാനത്തിന് കാരണം ഇതാണെന്നും ഇസ്രായിലി മനുഷ്യാവകാശ സംഘടന അറിയിച്ചു. മരണകാരണങ്ങൾ പീഡനവും ശാരീരിക അക്രമവും ചികിത്സാ നിഷേധവും പോഷകാഹാരക്കുറവുമെല്ലാമാണെന്നും ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്-ഇസ്രായില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍, ബന്ധുക്കള്‍, സാക്ഷികള്‍ എന്നിവരുമായുള്ള അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇസ്രായിലി ജയിലുകളില്‍ മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ഡാറ്റ വ്യക്തമാക്കുന്നു.
ഈ കണക്കുകള്‍ കൃത്യമല്ലെന്ന് ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്-ഇസ്രായിലില്‍ തടവുകാരുടെ വകുപ്പ് ഡയറക്ടര്‍ നാജി അബ്ബാസ് പറഞ്ഞു. തടങ്കലില്‍ വേറെയും ആളുകള്‍ മരിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അവരെക്കുറിച്ച് ഞങ്ങള്‍ക്ക് ഇതുവരെ ഒന്നും അറിയില്ലെന്ന് നാജി അബ്ബാസ് കൂട്ടിച്ചേര്‍ത്തു. ഇസ്രായില്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ തടവുകാരുടെ പീഡനങ്ങളും മരണങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല. മറിച്ച്, ഫലസ്തീനികളെ കൊല്ലുന്നതിനും അവരോട് മോശമായി പെരുമാറുന്നതും തുടര്‍ച്ചയാണ്. ഇത്രയും മരണങ്ങള്‍ ഉണ്ടായിട്ടും രണ്ട് വര്‍ഷത്തിനിടെ കുറ്റക്കാരായ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലയെന്നും നാജി അബ്ബാസ് ചൂണ്ടികാട്ടി.
തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഫലസ്തീനി തടവുകാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം കുറക്കുന്നതിനെ കുറിച്ചും തടവുകാര്‍ക്ക് പകല്‍ വെളിച്ചം കാണാത്ത ഭൂഗര്‍ഭ ജയില്‍ സ്ഥാപിക്കുന്നതിനെ കുറിച്ചും പറഞ്ഞതും, രണ്ട് വര്‍ഷത്തെ യുദ്ധകാലത്ത് ഇസ്രായില്‍ ജയില്‍ സംവിധാനത്തില്‍ ഫലസ്തീന്‍ തടവുകാര്‍ക്കെതിരായ ശാരീരിക അതിക്രമം, പീഡനം, മറ്റ് തരത്തിലുള്ള ദുരുപയോഗങ്ങള്‍ എന്നിവ സാധാരണമായിത്തീര്‍ന്നതായി ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞത് 12 സിവിലിയന്‍, സൈനിക ജയിലുകളില്‍ ഫലസ്തീനികള്‍ക്കെതിരായ പീഡനമുറകള്‍ വര്‍ധിച്ചിട്ടുണ്ട്. തടവുകാരെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന ഒരു സൈനികന്റെ കേസ് മാത്രമേ വിചാരണയില്‍ കലാശിച്ചുള്ളൂ. അദ്ദേഹത്തിന് ഏഴ് മാസം മാത്രാണ് തടവ് ശിക്ഷ ലഭിച്ചത്.
അല്‍ശിഫ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോ. അദ്നാന്‍ അല്‍ബര്‍ശിന്റെ മരണമാണ് ഈ കേസുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അറസ്റ്റ് ചെയ്ത് നാല് മാസത്തിന് ശേഷം അദ്ദേഹം ഓഫര്‍ ജയിലില്‍ മരിച്ചു. മരണത്തിന് മുമ്പ് പരിക്കേറ്റും അരയ്ക്ക് താഴേക്ക് നഗ്‌നനായും അദ്ദേഹത്തെ കണ്ടതായി സഹതടവുകാരന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോ. അദ്നാന്‍ അല്‍ബര്‍ശിന്റെ മൃതദേഹം ഇതുവരെ ഇസ്രായില്‍ കൈമാറിയിട്ടില്ല. ഇസ്രായിലി ജയിലുകളില്‍ മരിച്ച നിരവധി തടവുകാരുടെ പേരുവിവരങ്ങള്‍ അജ്ഞാതമായി തുടരുകയാണ്.
ഗാസയില്‍ നിന്നുള്ള ആയിരക്കണക്കിന് തടവുകാരുടെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ സൈന്യത്തിന് സമ്മതമല്ല. 2014 ഡിസംബറില്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ആശുപത്രി ഡയറക്ടര്‍ ഹുസാം അബൂസഫിയയുടെ അറസ്റ്റാണ് ഇതിന് ഏറ്റവും ശ്രദ്ധേയമായ ഉദാഹരണം. അറസ്റ്റ് രേഖപ്പെടുത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഇസ്രായില്‍ ഒരാഴ്ചക്കാലം വാദിച്ചത്.



