സന്‍ആ – കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യെമനിൽ തുടരുന്ന കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും 62 പേര്‍ മരണപ്പെട്ടന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് സൊസൈറ്റീസ് (ഐ.എഫ്.ആര്‍.സി) അറിയിച്ചു. 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
3,29,350 അംഗങ്ങള്‍ അടങ്ങിയ 47,050 കുടുംബങ്ങളെയാണ് പ്രളയക്കെടുതികള്‍ ബാധിച്ചത്. അല്‍ഹുദൈദ, ഹജ്ജ, ലഹജ്, തഇസ്, അബ്‌യന്‍, ഏദന്‍, ഹദര്‍മൗത്ത്, ദമാര്‍, ഇബ്ബ്, അല്‍ദാലിഅ്, അംറാന്‍, അല്‍ജൗഫ്, റീമ, സഅ്ദ, സന്‍ആ സിറ്റി, സന്‍ആ ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്ലൊം പ്രളയം വന്‍ നാശം വിതച്ചു.
ദുരിതബാധിതരില്‍ 58 ശതമാനം പേരും കുടിയിറക്കപ്പെട്ടവരാണ്. ആഭ്യന്തര സംഘര്‍ഷം മൂലം പലായനം ചെയ്ത 1,91,324 അംഗങ്ങള്‍ അടങ്ങിയ 27,332 കുടുംബങ്ങളെയും പ്രളയദുരിതം ബാധിച്ചു. നിലവിലുള്ള അപകടസാധ്യതകളും ഷെല്‍ട്ടറുകളുടെയും ശുചിത്വസൗകര്യങ്ങളുടെയും പരിമിതമായ ലഭ്യതയും കാരണം കാലാവസ്ഥാ ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഈ വിഭാഗത്തെയാണ്.
പാലങ്ങള്‍, റോഡുകള്‍, ആശുപത്രികള്‍, അഭയാര്‍ഥി ക്യാമ്പുകള്‍, കൃഷിഭൂമി, പൊതു സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കും വീടുകള്‍ക്കും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റോഡുകള്‍ തകര്‍ന്നതിനാല്‍ പല സ്ഥലങ്ങളിലേക്കും ഇപ്പോഴും എത്തിച്ചേരാനാകുന്നില്ല. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും അഭയാര്‍ഥി ക്യാമ്പുകളിലേക്ക് പലായനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ.എഫ്.ആര്‍.സി വ്യക്തമാക്കി.