ഗാസ – ഗാസ മുനമ്പില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പിലും വ്യോമാക്രമണത്തിലും രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍, പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖൈസാന്‍ അല്‍നജ്ജാര്‍ പ്രദേശത്ത് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 46 കാരനായ ഉസാമ അഹ്‌മദ് അബ്ദുല്‍അസീസ് അല്‍നജ്ജാര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. മറ്റൊരു സംഭവത്തില്‍, വടക്കന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നതിന് സമീപത്തെ പ്രദേശങ്ങളില്‍ ഇസ്രായില്‍ ഡ്രോണ്‍ നടത്തിയ വെടിവെപ്പില്‍ മറ്റൊരു ഫലസ്തീനിയും കൊല്ലപ്പെട്ടു.
ഗാസ നഗരത്തിന്റെ കിഴക്ക് ഉമര്‍ അല്‍മുഖ്താര്‍ സ്ട്രീറ്റിന്റെ അവസാന ഭാഗത്ത് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ ഖാന്‍ യൂനിസിന് കിഴക്കും ഗാസ സിറ്റിക്ക് വടക്കും ഇസ്രായില്‍ സൈനിക വാഹനങ്ങള്‍ വെടിയുതിര്‍ത്തതായും ഗാസ സിറ്റിയുടെ വടക്കുകിഴക്കന്‍ പ്രദേശത്തെ അല്‍തുഫാഹ് ഡിസ്ട്രിക്ടില്‍ ഇസ്രായില്‍ പീരങ്കികള്‍ ഷെല്ലാക്രമണം നടത്തിയതായും പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു.
ഖാന്‍ യൂനിസിന് കിഴക്ക് ഇസ്രായില്‍ വിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. നഗരത്തിന്റെ തീരത്ത് ഇസ്രായിലി യുദ്ധ ബോട്ടുകള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഇസ്രായില്‍ സൈന്യം ഗാസ നഗരത്തിന് കിഴക്ക് ബോംബിംഗ് നടത്തിയിരുന്നു.
ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 612 ആയി. 1,640 പേര്‍ക്ക് പരിക്കേറ്റു. യുദ്ധത്തില്‍ കൊല്ലപ്പെട്ട 726 പേരുടെ മൃതദേഹങ്ങള്‍ ഇക്കാലയളവില്‍ വീണ്ടെടുത്തതായും ഗാസ ആരോഗ്യ മന്ത്രാലയം മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബര്‍ 7 ന് യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72,070 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം 1,71,738 ആയി ഉയര്‍ന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബര്‍ 7 ന് ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ഗാസയില്‍ ആരംഭിച്ച വലിയ തോതിലുള്ള സൈനിക നടപടിക്ക് ശേഷമാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. കരാര്‍ നിലവിലുണ്ടെങ്കിലും ഇസ്രായില്‍ സൈന്യം വെടനിര്‍ത്തല്‍ ലംഘിക്കുന്നത് തുടരുകയാണെന്ന് ഗാസയിലെ അധികാരികള്‍ ആരോപിക്കുന്നു. അതേസമയം സുരക്ഷാ ഭീഷണികള്‍ക്കും അതിര്‍ത്തിക്ക് സമീപം വിന്യസിച്ചിരിക്കുന്ന തങ്ങളുടെ സേനയെ സമീപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നേരെയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായില്‍ പറയുന്നു.



