ഗാസ – കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 142 പേര്‍ കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിക്കുകയും ഇത് ഇസ്രായില്‍ അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.
ഭക്ഷ്യസഹായത്തിനു വേണ്ടി റിലീഫ് വിതരണ കേന്ദ്രങ്ങളിലെത്തിയവരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 39 പേര്‍ രക്തസാക്ഷികളാവുകയും 210 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മെയ് അവസാനം പ്രവര്‍ത്തനം തുടങ്ങിയ, ഇസ്രായിലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന റിലീഫ് വിതരണ കേന്ദ്രങ്ങളിലെത്തിയവര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 640 പേര്‍ കൊല്ലപ്പെടുകയും 4,488 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇതു വരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57,012 ഉം പരിക്കേറ്റവരുടെ എണ്ണം 1,34,592 ഉം ആയി ഉയര്‍ന്നിട്ടുണ്ട്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് മാര്‍ച്ച് 18 ന് ഇസ്രായില്‍ യുദ്ധം പുനരാരംഭിച്ച ശേഷം മാത്രം 6,454 പേര്‍ കൊല്ലപ്പെടുകയും 22,551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലത്ത് ഇസ്രായിലി ബന്ദികളില്‍ പകുതി പേരെ വിട്ടയക്കുന്നതിനു പകരം ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്നും മറ്റു ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറുമെന്നും അമേരിക്കന്‍ നിര്‍ദേശം പറയുന്നു. അമേരിക്ക നിര്‍ദേശിച്ച 60 ദിവസത്തെ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റ കരാറിനും ഇസ്രായില്‍ സമ്മതിച്ചതായും ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹമാസ് ആണെന്നും ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്ന ഏതൊരു കരാറിനു കീഴിലും ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ വിട്ടയക്കാന്‍ തയാറാണെന്ന് ഹമാസ് പറഞ്ഞു. എന്നാല്‍ ഹമാസിനെ നിരായുധീകരിച്ച് പിരിച്ചുവിടുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായില്‍ പറയുന്നു. അതേസമയം ആയുധങ്ങള്‍ താഴെവെക്കാന്‍ ഹമാസ് വിസമ്മതിക്കുന്നു.
അതിനിടെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം പ്രഖ്യാപിച്ച ശേഷം നടത്തിയ ആദ്യ പരസ്യ പ്രസ്താവനയില്‍, ഹമാസിനെ ഇല്ലാതാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസ് ഉണ്ടാകില്ല. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ (ഹമാസിസ്ഥാന്‍) ഒരിക്കലും ഉണ്ടാകില്ല. ഹമാസ് ഭരണത്തിലേക്ക് തിരിച്ചുവരില്ല. ഹമാസിന്റെ ഭരണം കഴിഞ്ഞു – യോഗത്തിനിടെ നെതന്യാഹു പറഞ്ഞു. അമേരിക്ക നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.