തിരുവനന്തപുരം– ദേശീയപാത നിര്‍മാണത്തില്‍ ഹൈവേ അതോറിറ്റിയും സംസ്ഥാന സര്‍ക്കാറും തമ്മില്‍ ഒരു ഏകോപനവുമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. ഉണ്ടായത് റീല്‍സ് എടുക്കലും ക്രെഡിറ്റ് എടുക്കലും മാത്രം. വിള്ളലുണ്ടായ ഭാഗത്ത് പോയി പൊതുമരാമത്ത് മന്ത്രി റീല്‍സ് എടുത്താല്‍ കുറേക്കൂടി മനോഹരമാകും. ദേശീയപാതയുടെ ക്രെഡിറ്റ് എടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമിച്ചപ്പോഴാണ് നാലാം വാര്‍ഷികത്തില്‍ പൊളിഞ്ഞു വീണതെന്നും വി.ഡി സതീഷന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ നോക്കി. അത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. വിഴിഞ്ഞത്തിന്റെ പൂര്‍ണ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിനാണ്. 2019ല്‍ പൂര്‍ത്തിയാകേണ്ട വിഴിഞ്ഞത്തെ 2025ല്‍ പൂര്‍ത്തിയാക്കി അതില്‍ ക്രെഡിറ്റ് എടുക്കുകയാണ്. ഏത് വികസം പദ്ധതിയാണ് ഈ സര്‍ക്കാറിന് അവകാശവാദം ഉന്നയിക്കാനുള്ളത്? ഗെയില്‍ പൈപ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് തുടങ്ങുമ്പോള്‍ ഭൂമിക്കടിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ബോംബാണെന്നു പറഞ്ഞ് സമരം ചെയ്ത ഒരാള്‍ ഈ മന്ത്രി സഭയിലുണ്ട്.
കേരളത്തില്‍ ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രതിസന്ധിയിലായിരുന്നു. ഭൂമി ഏറ്റെടുത്ത് നല്‍കിയിരുന്നെങ്കില്‍ 10 വര്‍ഷം മുമ്പെ പണി പൂര്‍ത്തിയായേനെ. യു.പി.എ സര്‍ക്കാറിന്റെ ഭരണകാലത്ത് റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് കൊണ്ടു വന്ന് ഹൈവേയില്‍ ഉള്‍പ്പെടുത്തിയത് കൊണ്ടാണ് ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാനായത്. അന്ന് 23000 രൂപ കിട്ടിയിരുന്ന സ്ഥലത്തിന് ഇന്ന് 10 ലക്ഷമാണ് കിട്ടിയത്. റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് വന്നില്ലായിരുന്നെങ്കില്‍ ഇപ്പോഴും സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കില്ലായിരുന്നു.
കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന കെ റെയിലിന് മാത്രമാണ് ഞങ്ങള്‍ എതിര് നിന്നത്. ആ നിലപാടില്‍ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. കുറ്റികളൊക്കെ ഊരി എറിഞ്ഞില്ലേ? അല്ലാതെ ഏത് കാര്യത്തിനാണ് പ്രതിപക്ഷം എതിര് നിന്നത്. ദേശീയപാതയുടെ ഡി.പി.ആറില്‍ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ഉത്തരവാദിത്തത്തോടെ ആയിരിക്കുമെന്ന് കരുതുന്നു. അതിനെ കുറിച്ച് അന്യേഷിക്കണം. ഡി.പി.ആറില്‍ മാറ്റം വരുത്താന്‍ ആരാണ് ഇടപെട്ടതെന്ന് കണ്ടെത്തണം. ദേശീയ പാതയില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.