വാഷിംഗ്ടണ്‍ – ഗാസയെ കുറിച്ച അമേരിക്കയുടെ നയത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന്, ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള യു.എന്‍ മനുഷ്യാവകാശ വിദഗ്ധ ഫ്രാന്‍സെസ്‌ക അല്‍ബനീസിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ ആണ് ഇക്കാര്യം അറിയിച്ചത്. യു.എസ്, ഇസ്രായിലി നേതാക്കള്‍, കമ്പനികള്‍, എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ പ്രേരിപ്പിച്ച് നിയമവിരുദ്ധവും ലജ്ജാകരവുമായ ശ്രമങ്ങള്‍ നടത്തിയതിന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസിന് ഉപരോധം ഏര്‍പ്പെടുത്തുന്നു – റൂബിയോ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
യു.എന്‍ വിദഗ്ധ അമേരിക്കക്കെതിരെ നടത്തുന്ന കടുത്ത വിമര്‍ശനത്തെ അമേരിക്കന്‍ വിദേശ മന്ത്രി വിമര്‍ശിച്ചു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിക്കാന്‍ അവര്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ശുപാര്‍ശ ചെയ്‌തെന്നും റൂബിയോ പറഞ്ഞു. പക്ഷപാതപരവും ദ്രോഹപരവുമായ പ്രവര്‍ത്തനങ്ങളാണ് ഫ്രാന്‍സെസ്‌ക അല്‍ബനീസ് നടത്തുന്നത്.
ലജ്ജയില്ലാത്ത യഹൂദവിരുദ്ധതയും ഭീകരതയ്ക്കുള്ള പിന്തുണയും അവര്‍ വമിപ്പിച്ചു. നിരവധി അമേരിക്കന്‍ കമ്പനികള്‍ക്ക് ഭീഷണിപ്പെടുത്തുന്ന കത്തുകള്‍ എഴുതി അമേരിക്കയോടുള്ള തന്റെ അവഹേളനം അവര്‍ വര്‍ധിപ്പിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും കമ്പനികളെയും അവരുടെ എക്‌സിക്യൂട്ടീവുകളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ശുപാര്‍ശ ചെയ്തും അവര്‍ അമേരിക്കയോടുള്ള അവഹേളനം വര്‍ധിപ്പിച്ചു. നമ്മുടെ ദേശീയ താല്‍പ്പര്യങ്ങളെയും പരമാധികാരത്തെയും ഭീഷണിപ്പെടുത്തുന്ന ഈ രാഷ്ട്രീയ, സാമ്പത്തിക യുദ്ധ പ്രചാരണങ്ങള്‍ ഞങ്ങള്‍ അനുവദിക്കില്ല – റൂബിയോ പറഞ്ഞു.
അമേരിക്കക്കും ഇസ്രായിലിനുമെതിരായ അല്‍ബനീസിന്റെ രാഷ്ട്രീയ, സാമ്പത്തിക യുദ്ധ പ്രചാരണം ഇനി അനുവദിക്കില്ല. സ്വയം പ്രതിരോധത്തിനുള്ള അവകാശത്തില്‍ ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ പങ്കാളികളോടൊപ്പം നില്‍ക്കും. നിയമം ആയുധമായി ഉപയോഗിക്കുന്നതിനെതിരെ പ്രതികരിക്കാനും ഞങ്ങളുടെ പരമാധികാരവും സഖ്യകക്ഷികളുടെ പരമാധികാരവും സംരക്ഷിക്കാനും ഉചിതമെന്ന് കരുതുന്ന ഏത് നടപടികളും അമേരിക്ക തുടര്‍ന്നും സ്വീകരിക്കും – റൂബിയോ പറഞ്ഞു.
ഗാസയിലെ സൈനിക നടപടിയുടെ പേരില്‍ ഇസ്രായില്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ പ്രേരിപ്പിക്കാനുള്ള അല്‍ബനീസിന്റെ ശ്രമങ്ങള്‍ക്കുള്ള നേരിട്ടുള്ള പ്രതികരണമാണ് അമേരിക്കയുടെ ഉപരോധം. യു.എസ് നടപടിയെ ഇസ്രായില്‍ സ്വാഗതം ചെയ്തു. വിദേശ മന്ത്രി ഗിഡിയോന്‍ സാഅര്‍ ഈ നീക്കത്തെ ഐക്യരാഷ്ട്രസഭക്കുള്ള വ്യക്തമായ സന്ദേശം എന്ന് വിശേഷിപ്പിച്ചു. യു.എന്‍ റിപ്പോര്‍ട്ടര്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതായും സെമിറ്റിക് വിരുദ്ധ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതായും യു.എന്നിലെ ഇസ്രായില്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ ആരോപിച്ചു അവര്‍ യു.എന്നിന്റെ വിശ്വാസ്യതയെ വ്യവസ്ഥാപിതമായി ദുര്‍ബലപ്പെടുത്തുന്നതായും ഡാനി ഡാനോണ്‍ വാദിച്ചു.
ഗാസയിലെ സൈനിക നടപടികളെയും ഫലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരായ അതിക്രമങ്ങളെയും കുറിച്ച് ഐക്യരാഷ്ട്രസഭ ആവര്‍ത്തിച്ച് വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന്, ഐക്യരാഷ്ട്രസഭയും ഇസ്രായിലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് പുതിയ സംഭവവികാസങ്ങള്‍.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ഗാസ മുനമ്പ് ഏറ്റെടുത്ത് അവിടുത്തെ നിവാസികളെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കാനുള്ള ഫെബ്രുവരി ആദ്യം അദ്ദേഹം പ്രഖ്യാപിച്ച പദ്ധതിക്കെതിരെ അല്‍ബനീസ് വ്യാപകമായ വിമര്‍ശനം ഉന്നയിച്ചു.
ഈ നിര്‍ദേശം ഫലസ്തീനികള്‍, മിഡില്‍ ഈസ്റ്റ് നേതാക്കള്‍, ഐക്യരാഷ്ട്രസഭ എന്നിവയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിട്ടു. ട്രംപിന്റെ നിര്‍ദേശത്തെ തികച്ചും അസംബന്ധം എന്നും ലോകമെമ്പാടും പരിഭ്രാന്തി വിതക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യം എന്നും വിശേഷിപ്പിച്ച് അല്‍ബനീസ് തള്ളിക്കളഞ്ഞു. ഇത് നിയമവിരുദ്ധവും അധാര്‍മികവും പൂര്‍ണമായും നിരുത്തരവാദപരവുമാണ്. കാരണം ഇത് പ്രാദേശിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും – കോപ്പന്‍ഹേഗന്‍ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സെസ്‌ക അല്‍ബനീസ് പറഞ്ഞു.