റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ നിരായുധരായി കീഴടങ്ങിയ രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്രായില്‍ സുരക്ഷാ സേന പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊന്നു. മുന്‍തസര്‍ ബില്ലാ അബ്ദുല്ല (26), യൂസുഫ് അസാഅസ (37) എന്നിവരെയാണ് ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഫലസ്തീന്‍, ഇസ്രായില്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു. വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായിലി സേന വളഞ്ഞ കെട്ടിടത്തില്‍ നിന്ന് രണ്ടു യുവക്കള്‍ കീഴടങ്ങി കൈകള്‍ ഉയര്‍ത്തി പുറത്തുവരുന്നത് ദൃശ്യങ്ങളില്‍ കാണാം. കൈകള്‍ ഉയര്‍ത്തി ശിരസ്സ് കുനിച്ച് കീഴടങ്ങിയ യുവാക്കളെ സൈന്യം കെട്ടിടത്തിലേക്ക് തിരികെ കൊണ്ടുപോയി പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.
വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന്, സംഭവത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് ഫീല്‍ഡ് അന്വേഷണം നടത്തുകയാണെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു. വെടിയേറ്റ രണ്ടുപേരും ജെനിന്‍ പ്രദേശത്തെ തീവ്രവാദ ശൃംഖലയില്‍ പെട്ടവരാണെന്നാണ് ഇസ്രായില്‍ ആരോപിക്കുന്നത്. എന്നാൽ
തീവ്രവാദ ശൃംഖലയുമായി അവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നതിന്റെ തെളിവുകളും വെളിപ്പെടുത്തിയിട്ടില്ല. സംഭവം ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അന്വേഷണത്തിനായി ഉചിതമായ അധികാരികള്‍ക്ക് റഫര്‍ ചെയ്യുമെന്നും ഇസ്രായില്‍ സൈന്യവും പോലീസും വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് തീവ്ര വലതുപക്ഷ ഇസ്രായില്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും
പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സൈനികര്‍ അവരില്‍ നിന്ന് പ്രതീക്ഷിച്ചതുപോലെ തന്നെ പ്രവര്‍ത്തിച്ചു. തീവ്രവാദികള്‍ മരിക്കണമെന്നും ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറഞ്ഞു.
ജെനിനില്‍ കീഴടങ്ങിയ രണ്ട് ഫലസ്തീനികളെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയതിനെ പലസ്തീന്‍ അതോറിറ്റി അപലപിക്കുകയും ഇതിനെ യുദ്ധക്കുറ്റം എന്ന് വിളിക്കുകയും ചെയ്തു. ഫലസ്തീന്‍ വിദേശ, പ്രവാസികാര്യ മന്ത്രാലയവും സംഭവത്തെ അപലപിച്ചു. ഇത് എല്ലാം തികഞ്ഞ യുദ്ധക്കുറ്റമാണെന്നും മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും മാനദണ്ഡങ്ങളുടെയും മാനുഷിക മൂല്യങ്ങളുടെയും നഗ്‌നമായ ലംഘനവുമാണെന്നാണ് മന്ത്രാലയം വിശേഷിപ്പിച്ചത്. ജറൂസലം ഉള്‍പ്പെടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ തീവ്രവാദികള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് സമാന്തരമായി, നിയമവിരുദ്ധമായ കൊലപാതകങ്ങളെയും ഫലസ്തീന്‍ ഭൂമിയെ എല്ലാത്തരം യുദ്ധക്കുറ്റങ്ങള്‍ക്കും തുറന്ന വേദിയാക്കി മാറ്റുന്നതിനെയും അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥാപിതവും വ്യാപകവുമായ ഔദ്യോഗിക ഇസ്രായിലി നയത്തിന്റെ തുടര്‍ച്ചയാണ് ഈ കുറ്റകൃത്യമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ജെനിനില്‍ രണ്ടു പേരെ കൊലപ്പെടുത്തിയതിനെ ഹമാസ് അപലപിച്ചു. ഇസ്രായിലിന്റെ വര്‍ധിച്ചുവരുന്ന ഫീല്‍ഡ് വധശിക്ഷകള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. വടക്കന്‍ വെസ്റ്റ് ബാങ്കിലെ നഗരങ്ങളില്‍ മാസങ്ങളായി നടക്കുന്ന ഇസ്രായിലി സുരക്ഷാ കാമ്പെയിനിലെ ഏറ്റവും പുതിയ ആക്രമണമാണ് ജെനിന്‍ റെയ്ഡ്. സമീപത്തുള്ള തൂബാസ് നഗരത്തില്‍ ബുധനാഴ്ച ഇസ്രായില്‍ സൈന്യം ഓപ്പറേഷന്‍ നടത്തിയിരുന്നു.



