റാമല്ല – വെസ്റ്റ് ബാങ്കിലെ വടക്കന്‍ ജോര്‍ദാന്‍ താഴ്വരയില്‍ ഫലസ്തീനികളുടെ 1,042 ഏക്കര്‍ ഭൂമി ഇസ്രായില്‍ അധികൃതര്‍ പിടിച്ചെടുത്തതായി ഫലസ്തീന്‍ കോളണൈസേഷന്‍ ആന്റ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍ വെളിപ്പെടുത്തി. തമ്മൂന്‍, തയാസിര്‍, തെല്ലൂസ ഗ്രാമങ്ങളിലും തൂബാസ് നഗരത്തിലുമാണ് സൈനിക ആവശ്യങ്ങള്‍ക്കായി 1,042 ഏക്കര്‍ ഭൂമി ഇസ്രായില്‍ അധികൃതര്‍ പിടിച്ചെടുത്തത്.
പിടിച്ചെടുക്കുന്ന സ്ഥലങ്ങളുടെ അതിര്‍ത്തികള്‍ സംയോജിപ്പിച്ച് വടക്കന്‍ തൂബാസില്‍ നിന്ന് തയാസിറിലേക്കും ജോര്‍ദാന്‍ താഴ്വരയിലേക്ക് റോഡ് നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് ഇതെന്ന് കമ്മീഷന്‍ തലവന്‍ മുഅയ്യദ് ശഅബാന്‍ പറഞ്ഞു. 22 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് ഫലസ്തീനികളുടെ വിശാലമായ കാര്‍ഷിക, വാസയോഗ്യമായ പ്രദേശങ്ങളിലൂടെ കടന്നുപോകുകയും തുബാസിന് കിഴക്കുള്ള ഖിര്‍ബെറ്റ് യര്‍സയെ എല്ലാ ദിശകളില്‍ നിന്നും ഉപരോധിക്കുകയും ചെയ്യുന്നു. കിഴക്കന്‍ സമതലങ്ങളിലെ, പ്രത്യേകിച്ച് പതിനായിരക്കണക്കിന് ഏക്കറുകള്‍ ഉള്‍ക്കൊള്ളുന്ന റോഡിന് കിഴക്കുള്ള ഭാഗങ്ങളില്‍ ഫലസ്തീനികളുടെ മേച്ചില്‍പ്പുറങ്ങള്‍ നിഷേധിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പലസ്തീന്‍ സമൂഹങ്ങളെ വേര്‍തിരിക്കുകയും ഉപരോധിക്കുകയും ജൂതകുടിയേറ്റ കേന്ദ്രങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്ന തന്ത്രപരമായ പദ്ധതിക്കും ശ്രമിക്കുന്നുണ്ടെന്നും മുഅയ്യദ് ശഅബാന്‍ പറഞ്ഞു.



