പട്ടാമ്പി– കാർ തടഞ്ഞു തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രമുഖ ജിദ്ദ പ്രവാസി വ്യവസായിയും നാഷണൽ ആശുപത്രി ചെയർമാനുമായ വി. പി മുഹമ്മദാലിയെ പോലീസ് കണ്ടെത്തി. കോതകുറിശ്ശിയിൽ നിന്നാണ് മലപ്പുറം കാളിങ്കാവ് സ്വദേശിയായ മുഹമ്മദാലിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയശേഷം ആക്രമികൾ പ്രദേശത്തെ ഒരു വീട്ടിൽ തടവിലാക്കുകയായിരുന്നു. ആക്രമികൾ ഉറങ്ങിയ സമയത്ത് ഇവിടെ നിന്ന് ഇറങ്ങി ഓടിയ മുഹമ്മദാലി സമീപത്തെ പള്ളിയിൽ അഭയം പ്രാപിക്കുകയായിരുന്നു. തുടർന്ന് പള്ളിയിൽ ഉണ്ടായിരുന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം അദ്ദേഹം കാറിൽ കൊച്ചിയിലേക്ക് വരുന്നതിനിടെ പിന്തുടർന്ന ഇന്നോവ കാറിൽ എത്തിയ സംഘം വാഹനം തടഞ്ഞു നിർത്തി തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. പട്ടാമ്പിയിലായിരുന്നു സംഭവം. ബിസിനസ് വൈരാഗ്യം മൂലമാണ് ഇതിന് കാരണമെന്ന് സൂചന.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഷോർണൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.



