കൊൽക്കത്ത– സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന് ഉറപ്പായതോടെ, മലയാളി താരത്തെ ടീമിൽ എത്തിക്കാൻ മുൻ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. വലിയ ഓഫറുമായി കെകെആര്‍ രാജസ്ഥാനെ സമീപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിന് വേണ്ടി യുവ താരങ്ങളായ അങ്ക്രിഷ് രഘുവംശിയെയോ രമന്‍ദീപ് സിംഗിനെയോ രാജസ്ഥാനിന് നൽകാൻ തയ്യാറാണ് കെകെആര്‍. കഴിഞ്ഞ സീസണില്‍ കെകെആറിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് രഘുവംശി. 21 വയസ്സുകാരനായ താരം കഴിഞ്ഞ ഐപിഎല്ലിൽ 12 മത്സരങ്ങളിൽ നിന്ന് 33.33 ശരാശരിയിൽ 300 റൺസ് നേടിയിട്ടുണ്ട്. രമന്‍ദീപ് സിങ് കെകെആര്‍ കഴിഞ്ഞ ഐപിഎല്ലിൽ നിലനിര്‍ത്തിയ ആറു താരങ്ങളില്‍ ഒരാളായിരുന്നു. ഇന്ത്യക്കുവേണ്ടിയും രമന്‍ദീപ് കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ നല്ല ഒരു വിക്കറ്റ് കീപ്പറുടെ പ്രശ്നം നേരിട്ടിരുന്ന കെകെആറിന് സഞ്ജുവിന്റെ വരവ് ഏറെ ഗുണം ചെയ്യും. സഞ്ജു ടീമിൽ എത്തിയാൽ ക്യാപ്റ്റൻ സ്ഥാനം നൽകാനും മാനേജ്മെന്റ് തയ്യാറാകും. താരത്തിന് ക്യാപ്റ്റൻസിയിൽ മികച്ച റെക്കോർഡുണ്ട്.
2012ൽ കെകെആര്‍ സഞ്ജുവിനെ 8 ലക്ഷത്തിന് ടീമിൽ എത്തിച്ചേരുന്നെങ്കിലും അവസരം നൽകിയിരുന്നില്ല. പിന്നീട് രാജസ്ഥാൻ, ഡൽഹി ( രാജസ്ഥാന്റെ വിലക്കിനെ തുടർന്ന് 2016,2017 ഐപിഎൽ സീസണുകളിൽ) കളിച്ച താരം 177 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ചുറിയും 26 അർദ്ധ സെഞ്ച്വറിയും അടക്കം 30.95 ശരാശരിയിൽ 4704 റൺസ് നേടിയിട്ടുണ്ട്
സഞ്ജുവിനായി സിഎസ്‌കെ സമീപിച്ചിരുന്നെങ്കിലും രവീന്ദ്ര ജഡേജ, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ ഇവരിൽ ഒരാളെ രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടതിനെ തുടർന്ന് സിഎസ്‌കെ മാനേജ്മെന്റ് നിരസിച്ചിരുന്നു.