ചെന്നൈ– ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലേറ്റ കനത്ത തോൽവിയോടെ നെറ്റ് റൺറേറ്റിൽ പിന്നിലായ സൂര്യകുമാർ യാദവിനും സംഘത്തിനും സെമി പ്രതീക്ഷകൾ നിലനിർത്താൻ ഇന്ന് വിജയം അനിവാര്യമാണ്. ടൂർണമെന്റിലുടനീളം ഫേവറൈറ്റുകളായിരുന്ന ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തിലെ തകർച്ച വലിയ തിരിച്ചടിയായിട്ടുണ്ട്.
ടീമിലെ ഇടംകയ്യൻമാരുടെ അതിപ്രസരമുള്ള ടോപ്പ് ഓർഡറിൽ മാറ്റങ്ങൾ വരുത്താനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളി താരം സഞ്ജു സാംസൺ ഇന്ന് ടീമിൽ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പരാജയങ്ങൾക്കിടയിലും അഭിഷേക് ശർമ്മയെ ടീമിൽ നിലനിർത്തുമെങ്കിലും തിലക് വർമ്മയ്ക്ക് പകരം സഞ്ജുവിനെ ഉൾപ്പെടുത്താനാണ് സാധ്യത. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ ചേക്കേറിയതിനുശേഷം സഞ്ജു ആദ്യമായാണ് രണ്ടാം ചെപ്പോക്കിൽ പാഡ് അണിയുന്നത്. ആരാധകരും വലിയ ആവേശത്തിലാണ്. വൈസ് ക്യാപ്റ്റൻ അക്സർ പട്ടേൽ ടീമിലേക്ക് തിരിച്ചെത്തിയേക്കും. വരുൺ ചക്രവർത്തിക്കൊപ്പം കുൽദീപ് യാദവിനെ കൂടി ഉൾപ്പെടുത്തി സ്പിൻ കരുത്ത് കൂട്ടണമെന്ന വാദമുണ്ടെങ്കിലും ബാറ്റിംഗ് നിര ദുർബലമാകുമെന്ന ആശങ്ക മാനേജ്‌മെന്റിനുണ്ട്.
മറുഭാഗത്ത് ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ച് സൂപ്പർ എട്ടിലെത്തിയ സിംബാബ്‌വെ ആത്മവിശ്വാസത്തിലാണ്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയായി. ഇന്ത്യക്കെതിരെ കളിച്ച 13 മത്സരങ്ങളിൽ 10 എണ്ണത്തിലും സിംബാബ്‌വെ പരാജയപ്പെട്ട ചരിത്രമാണ് അവർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഇന്ത്യയുടെ സെമി പ്രവേശനത്തിന് ഇന്നത്തെ ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇൻഡീസ് മത്സരഫലവും നിർണ്ണായകമാണ്. അഹമ്മദാബാദിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന ഈ മത്സരത്തിൽ ജയിക്കുന്നവർ സെമിയിലേക്ക് മുന്നേറും. ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ അത് ഇന്ത്യയുടെ സെമി സാധ്യതകൾക്ക് കൂടുതൽ കരുത്തേകും.



