മനാമ – ഈ ഏഷ്യ കപ്പിൽ ചാമ്പ്യന്മാരായ ഇന്ത്യ അടക്കമുള്ള വമ്പന്മാരെ വിറപ്പിച്ച ഒമാനിന് കുവൈത്തിനെതിരെ അഞ്ചു വിക്കറ്റിന്റെ ജയം. ഒമാനിലെ അൽ അമേരാത്ത് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കുവൈത്ത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഒമാൻ നാലു പന്തുകൾ ബാക്കി നിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ രണ്ടു മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പരയിൽ ഒമാൻ മുന്നിലെത്തുകയാണ്. രണ്ടാമത്തെ മത്സരം ഇന്നും നടക്കും.
ടോസ് നഷ്ടപ്പെട്ട ബാറ്റിങിന് ഇറങ്ങിയ കുവൈത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത് യാസിൻ പട്ടേൽ ( 27), മുഹമ്മദ് ഉമർ അബ്ദുള്ള (26), ക്ലിന്റോ ആന്റോ ( 25) എന്നിവരുടെ പ്രകടനമാണ്. ഒമാനിന് വേണ്ടി സുഫിയാൻ മെഹ്മൂദ് മൂന്നു വിക്കറ്റുകൾ നേടി നിർണായക പങ്കു വഹിച്ചു.
143 വിജയലക്ഷ്യവുമായി ഇറങ്ങിയ ഒമാനിന് തുടക്കം തന്നെ പിഴച്ചു. ആമിർ കലിം (1), ക്യാപ്റ്റൻ ജതീന്ദർ സിങ് ( 21) എന്നിവരെ 36 റൺസെടുക്കുന്നതിനിടെ മടക്കി കുവൈത്ത് ചരിത്രവിജയം സ്വപ്നം കണ്ടു. ജിതേൻകുമാർ രാമാനന്ദി 19 റൺസുമായി മടങ്ങിയതോടെ ഒമാൻ തോൽവി മുന്നിൽ കണ്ടു. എന്നാൽ പിന്നീട് ക്രീസിൽ എത്തിയ നദീം ( പുറത്താകാതെ 36) മിർസ ( 27), വിനായക് ശുക്ല ( 24) എന്നിവരുടെ ചേർത്തുനിൽപ്പാണ് ഒമാനിന് വിജയം നേടിക്കൊടുത്തത്. കുവൈത്തിനു വേണ്ടി അനുദീപ് ചന്ദമാര രണ്ടു വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.