റിയാദ് – സൗദി പ്രൊലീഗഗിന്റെ ഈ സീസണിലെ ആദ്യ മത്സര ദിനത്തിൽ അൽ അഹ്ലിയും അൽ ഇത്തിഫാഖും ജയത്തോടെ തുടങ്ങിയപ്പോൾ മറ്റൊരു മത്സരത്തിൽ ഡമാക് സമനിലയിൽ കുരുങ്ങി.
ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഡമാക് അൽ-ഹാസമിന് എതിരെയാണ് സമനിലയിൽ കുരുങ്ങിയത്. ഇരു ടീമുകളും ഓരോ ഗോളുകൾ അടിച്ച മത്സരത്തിൽ അവസാന നിമിഷത്തിലെ ഗോളാണ് ഡമാകിനെ തോൽവിയിൽ നിന്നും രക്ഷിച്ചത്. ഫാബിയോ മാർട്ടിൻസ് 57 മിനുറ്റിൽ നേടിയ പെനാൽറ്റി ഗോളിൽ അൽ-ഹാസം മുന്നിലെത്തിയെങ്കിലും ജമാൽ ഹർകാസ് ഇഞ്ചുറി സമയത്തിന്റെ എട്ടാം മിനുറ്റിൽ ആതിഥേരെ ഒപ്പമെത്തിച്ചു. ഇതിനിടയിൽ ഹാസം താരം ഒമർ ജെഹാദ് പെനാൽറ്റി നഷ്ടമാക്കിയത് തിരിച്ചടിയായി.
അൽ അഹ്ലി എതിരില്ലാത്ത ഒരു ഗോളിനാണ് നിയോമിനെ പരാജയപ്പെടുത്തിയത്. ഇരുപത്തിമൂന്നാം മിനിറ്റിൽ എൻസോ മില്ലോട്ട് നൽകിയ പാസ്സിൽ നിന്നും ഇംഗ്ലീഷ് താരം ഇവാൻ ടോണി നേടിയ ഗോളിലാണ് അൽ അഹ്ലി വിജയം ഉറപ്പിച്ചത്.
മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ ഇത്തിഫാഖ് അൽ ഖൂലൂദിനെ പരാജയപ്പെടുത്തി. ഇത്തിഫാഖിന് വേണ്ടി മൊഹൗ എൻകോട്ടയും ( ഏഴാം മിനുറ്റിൽ ),ജോർജിനിയോ വിനാൾഡം (61) ഗോളുകൾ നേടിയപ്പോൾ എതിരാളികൾക്ക് വേണ്ടി ആശ്വാസ നേടിയത് ജോൺ ബക്ക്ലിയാണ്.
ഇന്ന് നടക്കുന്ന മത്സരങ്ങളിൽ കഴിഞ്ഞവർഷം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനായി അൽഹിലാലും, അൽ നസ്റും കളത്തിൽ ഇറങ്ങും.
കഴിഞ്ഞ ആറു വർഷങ്ങളായി കീരിടം കൈവിട്ട അൽ നസ്ർ നേടണമെന്ന ഉറച്ച മട്ടിൽ നിരവധി സൂപ്പർതാരങ്ങളെയാണ് ഈ സീസണിൽ ടീമിൽ എത്തിച്ചത്. പോർച്ചുഗീസ് താരം ജാവോ ഫെലിക്സ്, ഫ്രഞ്ച് താരം കിംഗ്സ്ലി കോമൻ, ബാർസ താരം ഇനിഗോ മാർട്ടിനെസ് എന്നിവരെയെല്ലാമാണ് ഈ സീസണിൽ ടീമിൽ എത്തിച്ചത്. കൂടെ ക്രിസ്ത്യാനോ റൊണാൾഡോ കൂടി ചേരുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
മത്സരങ്ങൾ
അൽ ഹിലാൽ – അൽ റിയാദ്
(ഇന്ത്യ – 9:20 PM) ( സൗദി – 6:50PM)
അൽ ഷബാബ് – അൽ ഖലീജ്
(ഇന്ത്യ – 11:30 PM) ( സൗദി – 9:00PM)
അൽ തവൗൺ – അൽ നസ്ർ
(ഇന്ത്യ – 11:30 PM) ( സൗദി – 9:00PM)