ന്യൂ ഡൽഹി– ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നും പ്രകടനം കാഴ്ചവെച്ച മലയാളി താരം മുഹമ്മദ് ഉവൈസ് ഇനി ഇന്ത്യൻ സീനിയർ ഫുട്‍ബോൾ ടീമിന് വേണ്ടി ബൂട്ടണിയും.
ആഗസ്റ്റ് 29 മുതൽ തജികിസ്താനിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻ (കാഫ) നാഷൻസ് കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലാണ് ഉവൈസ് ഇടം പിടിച്ചത്.
ഗോകുലം കേരള എഫ്‌സിയുടെ ഐ ലീഗ് ചാമ്പ്യൻ ടീമിന്റെ പ്രധാന അംഗമായിരുന്നു ഉവൈസ്. ടൂർണമെന്റിലെ മികച്ച പ്രകടനം കണ്ടാണ് ജംഷേദ്പുർ എഫ്‌സി 35 ലക്ഷം രൂപ ട്രാൻസ്ഫർ ഫീ നൽകി അദ്ദേഹത്തെ ഐഎസ്എല്ലിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ സമയം കളത്തിൽ ചെലവഴിച്ച താരവും ഉവൈസ് തന്നെ. പരുക്കൻ കളി അദ്ദേഹത്തിന്റെ ശൈലിയല്ല; ക്ലീൻ ഫുട്‌ബോളാണ് അയാളുടെ രീതി. സാധാരണയായി ഡിഫൻഡർമാർ മഞ്ഞ കാർഡുകൾ വാങ്ങിക്കൂട്ടുകയും പരിക്കുകൾ എളുപ്പമുണ്ടാകുകയും ചെയ്യുമെന്ന് പറയാറുണ്ടെങ്കിലും, ഉവൈസിന് ഇതുവരെ ഒരു പരിക്കും ഉണ്ടായിട്ടില്ല. കരിയറിൽ വെറും രണ്ട് മഞ്ഞ കാർഡുകൾ മാത്രമാണ് അദ്ദേഹം വാങ്ങിയിട്ടുള്ളത്. ഈ ഗുണങ്ങൾ ശ്രദ്ധിച്ചാണ് പഞ്ചാബ് എഫ്‌സി ഇത്തവണ 3.5 കോടി രൂപ ഓഫർ നൽകി ഉവൈസിനെ ടീമിലേക്ക് സൈൻ ചെയ്തത്. ഇതിന്റെയൊക്കെ തുടർച്ചയാണ് ഉവൈസിന്റെ ഇന്ത്യൻ ടീം പ്രവേശനം.
എഫ് സി കേരളയിലൂടെ കളി തുടങ്ങിയ ഉവൈസ് ഗോകുലം കേരള, ബംഗളൂരു യുണൈറ്റഡ്, ജംഷഡ്‌പൂർ എഫ് സി തുടങ്ങിയ ക്ലബ്ബുകളിലെല്ലാം കളിച്ചിരുന്നു.നിലവിൽ പഞ്ചാബ് എഫ് സി താരമാണ്.
മലപ്പുറം നിലമ്പൂർ സ്വദേശിയായ മുഹമ്മദ് ഉവൈസ് ആദ്യമായാണ് ദേശീയ ടീമിലെത്തുന്നത്. ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് താരം കളിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ ജിതിൻ എം.എസ്, മലപ്പുറം സ്വദേശി ആഷിഖ് കുരുണിയനും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.