പാംപ്ലോണ– സ്പാനിഷ് ലാ ലിഗയിൽ കിരീടപ്പോരാട്ടം മുറുകുന്നു. നിർണ്ണായക മത്സരത്തിൽ ഒസാസൂനയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടത് റയൽ മാഡ്രിഡിന് കനത്ത തിരിച്ചടിയായി. 90-ാം മിനിറ്റിൽ റൗൾ ഗാർസിയ നേടിയ തകർപ്പൻ ഗോളാണ് റയലിന്റെ വിധി എഴുതിയത്. 15 വർഷത്തിന് ശേഷമാണ് ലാ ലിഗയിൽ ഒസാസൂന റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തുന്നത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ റയലിന് താളം കണ്ടെത്താനായില്ല. ആന്റെ ബുഡിമിറിലൂടെ പെനാൽറ്റി വഴി ഒസാസൂനയാണ് ആദ്യം മുന്നിലെത്തിയത്. തുടക്കത്തിൽ ഡൈവിംഗിന് ബുഡിമിറിന് മഞ്ഞക്കാർഡ് ലഭിച്ചെങ്കിലും, വി.എ.ആർ പരിശോധനയിൽ റയൽ ഗോൾകീപ്പർ തിബോ കോർട്ടുവയുടെ പിഴവ് വ്യക്തമായതോടെ പെനാൽറ്റി അനുവദിക്കുകയായിരുന്നു. ഫെഡെ വാൽവെർഡെയുടെ ക്രോസിൽ നിന്നും വിനീഷ്യസ് ജൂനിയർ റയലിനായി സമനില ഗോൾ നേടി. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നുള്ള താരം നേടുന്ന അഞ്ചാം ഗോളാണിത്. കിലിയൻ എംബാപ്പെ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിധി തിരിച്ചടിയായി.
ഈ തോൽവിയോടെ റയലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി ബാഴ്സലോണ തൊട്ടുപിന്നിലെത്തി. ഞായറാഴ്ച ക്യാമ്പ് നൗവിൽ നടക്കുന്ന മത്സരത്തിൽ ലെവന്റെയെ പരാജയപ്പെടുത്തിയാൽ ബാഴ്സയ്ക്ക് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം.
മറ്റൊരു മത്സരത്തിൽ എസ്പാന്യോളിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് വിജയവഴിയിൽ തിരിച്ചെത്തി. അലക്സാണ്ടർ സോർലോത്തിന്റെ ഇരട്ട ഗോളുകളാണ് അത്‌ലറ്റിക്കോയുടെ ജയം എളുപ്പമാക്കിയത്. ജിയുലിയാനോ സിമിയോണി, അഡെമോള ലൂക്ക്മാൻ എന്നിവരും അത്‌ലറ്റിക്കോയ്ക്കായി സ്കോർ ചെയ്തു. ഇതോടെ ആദ്യ നാല് സ്ഥാനങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ സിമിയോണിക്കും സംഘത്തിനും സാധിച്ചു. ജോഫ്രെ കരേരസ്, എഡു എക്സ്പോസിറ്റോ എന്നിവരാണ് എതിരാളിക്ക് വേണ്ടി വല കുലുക്കിയത്. മറ്റ് മത്സരങ്ങളിൽ റയൽ ബെറ്റിസ് – റായോ വല്ലെക്കാനോ പോരാട്ടം സമനിലയിൽ (1-1) പിരിഞ്ഞു.



