മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ഇരട്ടി മധുരം പകരാന്‍ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം. സെപ്റ്റംബര്‍ അഞ്ച് വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ മൂന്നിന് നാളെ തുടക്കമാകും
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് നാളെ(വ്യാഴം) തുടക്കമാകും. അവസാനഘട്ട പരിശീലനവും പൂര്‍ത്തിയാക്കി ഗ്രൗണ്ടിലിറങ്ങാന്‍ എല്ലാ ടീമുകളും സജ്ജരായി. കിരീടം നേടാനുള്ള ആത്മവിശ്വാസവും തയ്യാറെടുപ്പുകളും ആറ് ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചു.
പുതിയൊരു ടീമിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും മികച്ച താരനിരയോടെ ഇത്തവണ കിരീടം നേടാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്ന് ആലപ്പി റിപ്പിള്‍സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിഫൈനലില്‍ കാലിടറിയെങ്കിലും, സന്തുലിതമായ ടീമും മികച്ച പരിശീലനവും നല്‍കുന്ന ആത്മവിശ്വാസത്തില്‍ ഇത്തവണ കപ്പടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് തൃശ്ശൂര്‍ ടൈറ്റന്‍സ് ക്യാപ്റ്റന്‍ അഖില്‍ എം.എസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസമായി മികച്ച പരിശീലനമാണ് നടത്തിയതെന്നും, യുവതാരങ്ങള്‍ അണിനിരക്കുന്ന ടീമിന്റെ ഊര്‍ജ്ജം ഇത്തവണ കിരീടം നേടാന്‍ സഹായിക്കുമെന്നും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഉള്‍പ്പെടുന്ന മികച്ചൊരു മിശ്രിതമാണ് ടീമിലുള്ളതെന്നും മുന്‍ സീസണുകളില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍ ഇത്തവണ ഗുണം ചെയ്യുമെന്നും ട്രിവാന്‍ഡ്രം റോയല്‍സ് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ് വ്യക്തമാക്കി.
കഴിഞ്ഞ സീസണുകളില്‍ ഫൈനല്‍ വരെ എത്താനും കിരീടം നേടാനും കഴിഞ്ഞതിന്റെ മികവ് ഇത്തവണയും ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് നായകന്‍ വത്സല്‍ ഗോവിന്ദ് പ്രതികരിച്ചു. എല്ലാ മേഖലകളിലും മികച്ച സന്തുലിതാവസ്ഥയുള്ള ടീമായതിനാല്‍ ആദ്യ മത്സരം മുതല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റന്‍ സലി സാംസണ്‍ പറഞ്ഞു.നാളെ മുതല്‍ അടുത്ത മാസം അഞ്ച് വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് കെ സി എല്‍ മത്സരങ്ങള്‍ അരങ്ങേറുക. ആദ്യ മത്സരം നാളെ ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കും. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലാണ് പോരാട്ടം.
ആദ്യ മത്സരത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന മികച്ച വിനോദ പരിപാടികളും കലാപ്രകടനങ്ങളും ഉദ്ഘാടനത്തിന്റെ ഭാഗമായി സ്റ്റേഡിയത്തില്‍ അരങ്ങേറും. ചടങ്ങില്‍ കെസിഎ പ്രസിഡന്റ് അഡ്വ.ശ്രീജിത്ത് വി നായര്‍ , കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍, കെസിഎല്‍ ചെയര്‍മാന്‍ നാസിര്‍ മച്ചാന്‍, സിഇഒ മിനു ചിദംബരം, മറ്റു കെസിഎ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി 7.30 ന് രണ്ടാം മത്സരം ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏരീസ് കൊല്ലം സെയ്ലേഴ്സും തമ്മിലാണ് പോരാട്ടം നടക്കുക. ഇത്തവണത്തെ കിരീടത്തിനായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ആലപ്പി റിപ്പിള്‍സ് എന്നീ ആറ് പ്രമുഖ ടീമുകളാണ് കളത്തിലിറങ്ങുന്നത്.
മത്സരങ്ങളുടെ ആവേശത്തിനൊപ്പം കാണികള്‍ക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്നതിനായി ഇന്ന് മുതല്‍ സ്റ്റേഡിയത്തില്‍ ഫാന്‍ വില്ലേജും ആരംഭിക്കും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ അഞ്ചാം ഗേറ്റിന് സമീപം ഒരുക്കിയിരിക്കുന്ന ഫാന്‍ വില്ലേജിലേക്ക് കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സെപ്റ്റംബര്‍ അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന ഫാന്‍ വില്ലേജില്‍ കുടുംബസമേതം ആസ്വദിക്കാന്‍ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
360 ഡിഗ്രി ഫോട്ടോബൂത്ത്, ഡിജിറ്റല്‍ കാരിക്കേച്ചര്‍ കൗണ്ടറുകള്‍ എന്നിവയ്ക്ക് പുറമെ ആംഗ്രി ബേര്‍ഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗണ്‍, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാര്‍ണിവല്‍ ഗെയിമുകളും ബാറ്റണ്‍ ക്യാച്ചര്‍, ഭീമന്‍ കണക്റ്റ്-4 തുടങ്ങിയ വിനോദങ്ങളും ഇവിടെയുണ്ട്.







