ഓവൽ– കെന്നിങ്ടൺ ഓവലിൽ നടന്ന ആവേശഭരിതമായ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ആറു റൺസിന് തകർത്ത് ഇന്ത്യ. അഞ്ച് മത്സരങ്ങളുള്ള ടെണ്ടുൽക്കർ-ആൻഡേഴ്‌സൺ ട്രോഫി 2-2 എന്ന സമനിലയിൽ കലാശിച്ചു.
നാലാം ദിനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാർ, നിർണായകമായ അഞ്ചാം ദിവസവും അതേ ആവേശം തുടരുകയായിരുന്നു. വിജയത്തിന് വേണ്ടത് വെറും 35 റൺസ് മാത്രമുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ തുടർച്ചയായ വിക്കറ്റ് നഷ്ടങ്ങളാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ഇന്ത്യയ്ക്ക് അവശേഷിച്ച നാല് വിക്കറ്റുകൾ വീഴ്ത്താൻ ഏറെ വൈകേണ്ടിവന്നില്ല.
പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ആക്രമണത്തിന്റെ നീക്കം നയിച്ചു. മികച്ച ലൈനിലും ലെങ്ത്തിലുമുള്ള ബൗളിംഗ് പ്രകടനത്തിലൂടെ അവർ ഇംഗ്ലീഷുകാരെ തകർത്തു. ഗസ് അറ്റ്കിൻസനെ ക്ലീൻബൗൾഡ് ചെയ്ത്, സിറാജ് തന്റെ മത്സരത്തിലെ അഞ്ചാമത്തെയും നിർണായകവുമായ വിക്കറ്റ് സ്വന്തമാക്കി. ക്രിസ് വോക്‌സ് ബാൻഡേജുമായി പതിനൊന്നാമനായി കളത്തിലിറങ്ങിയെങ്കിലും ഇന്ത്യൻ പോരാട്ടവീര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
374 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം കളി അവസാനിക്കുമ്പോൾ റൂട്ട്,ബ്രൂക്ക് എന്നിവരുടെ സെഞ്ചുറി ബലത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് എന്ന നിലയിലായിരുന്നു. നാലു വിക്കറ്റ് കയ്യിലിരിക്കെ വെറും 35 റൺസ് മതിയെന്ന പ്രതീക്ഷയുമായി ഇറങ്ങിയ വെള്ളകാർക്ക് തിരിച്ചടിയായത് സിറാജിന്റെയും,പ്രസിദ് കൃഷ്ണയും മികച്ച ബൗളിംഗ് പ്രകടനമാണ്. സ്കോർ 347ൽ നിൽക്കെ സ്മിത്തിന്റെ വിക്കറ്റ് നേടി അഞ്ചാം ദിവസത്തിന് തുടക്കമിട്ടപ്പോൾ ജാമി ഓവർട്ടൺ,ജോഷ് ടോങ് എന്നിവരെ പുറത്താക്കി പ്രസിദ് വിജയ പ്രതീക്ഷ നൽകിയെങ്കിലും ഒരു വശത്ത് ആറ്റ്കിൻസൺ ചെറുത്തുനിൽപ്പ് തിരിച്ചടിയാകുമോ എന്ന് ഭയന്നിരുന്നു. എന്നാൽ സിറാജ് എറിഞ്ഞ 86-ാം ഓവറിലെ ആദ്യ പന്തിൽ സ്കോർ 367ൽ നിൽക്കെ താരത്തെ ബൗൾഡ് ആക്കിയതോടെ ഇന്ത്യ വിജയം കരസ്ഥമാക്കി.രണ്ടാം ഇന്നിങ്സിൽ സിറാജ് അഞ്ചും പ്രസിദ് നാലും വിക്കറ്റും സ്വന്തമാക്കിയത് ഇന്ത്യയുടെ വിജയത്തിന് ഇരട്ടിമധുരം നൽകുന്നു.
അഞ്ചാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സ് ബാറ്റ് ചെയ്ത് ഇന്ത്യ, കരുൺ നായരിന്റെ അർദ്ധ സെഞ്ച്വറി ബലത്തിൽ 224 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 23 റൺസിന്റെ ലീഡ് സ്വന്തമാക്കി 247 റൺസിന് പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ജയ്സ്വാളിന്റെ സെഞ്ചുറിയും, ആകാശദീപ്, ജഡേജ,സുന്ദർ എന്നിവരുടെ ബാറ്റിംഗ് മികവിലും 396 എന്ന മികച്ച സ്കോർ പടുത്തുയർത്തിയിരുന്നു, 374 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നിരയിൽ മികച്ചപ്രകടനം കാഴ്ചവെക്കാൻ ആയത് ബ്രൂക്ക്, റൂട്ട് എന്നിവർക്ക് മാത്രമാണ്.
ഗില്ലിന്റെ കീഴിൽ ആദ്യമായി ഇറങ്ങിയ ഇന്ത്യ ഒന്നാം ടെസ്റ്റിൽ തോറ്റെങ്കിലും രണ്ടാം മത്സരം 336 റൺസിന്റ കൂറ്റൻ വിജയം കരസ്ഥസമാക്കി. മൂന്നാം മത്സരം 22 റൺസിന് ഇംഗ്ലണ്ട് ജയം നേടിയപ്പോൾ,നാലാം മത്സരം സമനിലയിൽ അവസാനിക്കുകയാണ് ചെയ്തിരുന്നത്.
കൊഹ്‌ലി, രോഹിത് എന്നിവരുടെ വിരമിക്കൽ പ്രഖ്യാപനത്തിനുശേഷം ഇന്ത്യ ഇറങ്ങുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പര എന്ന സവിശേഷത കൂടിയുണ്ടായിരുന്നു ഈ മത്സരങ്ങൾക്ക്.