മെക്സിക്കോ സിറ്റി– ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന ദിവസം നടന്ന രണ്ടാമത്തെ മത്സരത്തിൽ ദക്ഷിണ കൊറിയക്ക് ജയം. ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയ തകർത്തത്. ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമാണ് കൊറിയയുടെ വിജയം. വിജയികൾക്ക് വേണ്ടിഹ്വാങ് ഇൻ-ബീം, ഓ ഹിയോൺ-ഗ്യു എന്നിവർ വല കുലുക്കിയപ്പോൾ ചെക്കിന് വേണ്ടി നായകൻ ലാഡിസ്ലാവ് ക്രെജ്ചിയാണ് ഗോൾ നേടിയത്.
മത്സരം ആരംഭിച്ചു തുടക്കം മുതൽ തന്നെ കൊറിയ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഒന്നും മുതലെടുക്കാൻ സാധിച്ചില്ല. ഗോൾ രഹിത സമനിലയായ ആദ്യ പകുതിയിൽ ഇരു ടീമുകളുടെ ഭാഗത്തുനിന്ന് ആകെ വന്നത് ഒരേയൊരു ഷോട്ട് ഓൺ ടാർഗറ്റ് മാത്രമായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച മുതൽ തന്നെ കൊറിയ ആധിപത്യം സ്ഥാപിച്ചെങ്കിലും 59 മിനിറ്റിൽ അവരെ ഞെട്ടിച്ച് ചെക്ക് മുന്നിലെത്തി. വലഡ്മീർ ക്ലഫർ എറിഞ്ഞ ലോങ്ങ് ത്രോ തല വെച്ച് ക്രെജ്ചി വല കുലുക്കി. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. എട്ടു മിനിറ്റുകൾക്ക് ശേഷം ബോക്സിൽ മൂന്ന് ചെക്ക് പ്രതിരോധ താരങ്ങളെ കബളിപ്പിച്ചു വീഴ്ത്തി ഇൻ-ബീം ടീമിനെ ഒപ്പം എത്തിച്ചു. 78 മിനിറ്റിൽ ടോമാസ് സൂസെക് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് പൊന്തി. തൊട്ടടുത്ത നിമിഷം ഹിയോൺ ലക്ഷ്യം കണ്ടതോടെ കൊറിയ വിജയം ഉറപ്പിച്ചു.
ഇതോടെ എ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി മെക്സിക്കോയും കൊറിയയുമാണ് ആദ്യ രണ്ടു സ്ഥാനക്കാർ.



